വയനാട്ടില്‍ വിഐപി പോരാട്ടം

0
693

രാഹുൽ ഗാന്ധിയുടെ മണ്ഡലം എന്നാണ് വയനാട് കഴിഞ്ഞ 5 വർഷമായി അറിയപ്പെടുന്നത്. ഇത്തവണയും യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ ഗാന്ധി തന്നെ രംഗത്തെത്തി. രാഹുലിന് ഒത്ത എതിരാളിയായി എൽഡിഎഫ് ആനി രാജയെയും രംഗത്തിറക്കി. ബിജെപിയും ഒട്ടും മോശമാക്കാതെ കെ.സുരേന്ദ്രനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതോടെ മൂന്ന് പാർട്ടിയുടെ ഉന്നത നേതാക്കൻമാരുടെ ഏറ്റുമുട്ടൽ വേദിയായി വയനാട് മാറി. വയനാട് മണ്ഡലത്തിൽ വലതുപക്ഷത്തിന് വ്യക്തമായ മേൽക്കൈ ഉണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ തവണ രാഹുൽ ഗാന്ധി അമേഠിയിൽ തോറ്റപ്പോൾ വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചത്.

 

രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം ഇത്തവണ വർധിക്കുമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. ആനി രാജയും സുരേന്ദ്രനും മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രചാരണം നയിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ വലിയ പോസ്റ്ററുകളും ബാനറുകളും നാടുനീളെ സ്ഥാപിച്ചിട്ടുണ്ട്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ എത്തിയപ്പോള്‍ വന്‍ജനാവലിയാണ് അണിനിരന്നത്.

 

പെൻഷൻ ഉൾപ്പെടെ വിതരണം ചെയ്യാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് സാധരണക്കാർ ആനി രാജയോട് തുറന്നു പറയുന്നു. വന്യമൃഗ ശല്യം രൂക്ഷമായ ജില്ലയിൽ കാര്യമായ ഇടപെടലുകളൊന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ ജനം അതൃപ്തരാണ്. ബിജെപിക്ക് വലിയ വേരോട്ടമില്ലാത്ത സ്ഥലമാണ് വയനാട്. പാർട്ടിയുടെ ഉറച്ച വോട്ടുകൾക്കപ്പുറം കൂടുതൽ വോട്ടുകൾ സമാഹിച്ച് രാഹുൽ ഗാന്ധിയുടെ വിജയത്തിന് തിളക്കം കുറയ്ക്കുക എന്നതാണ് എൻഡിഎ ലക്ഷ്യം വയ്ക്കുന്നത്. അമേഠിയിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച സ്മൃതി ഇറാനി ഉൾപ്പെടെ വയനാട്ടിൽ പ്രചാരണത്തിനെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here