ഭാര്യയുടെ സ്വത്തിൽ ‌ഭർത്താവിന് നിയന്ത്രണമില്ല; മടക്കിനിൽകാൻ പുരുഷന് ധാർമികബാധ്യത

0
842

വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനുമേൽ (‘സ്ത്രീധനം’) ഭർത്താവിന് ഒരു നിയന്ത്രണവുമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ബുദ്ധിമുട്ടു വരുമ്പോൾ എടുത്ത് ഉപയോഗിച്ചാലും അതു മടക്കിനിൽകാനുള്ള ധാർമികബാധ്യത പുരുഷനുണ്ടെന്നും ഓർമിപ്പിച്ചു.നഷ്ടമായ സ്വർണത്തിനു പകരമായി ഭാര്യയ്ക്ക് 25 ലക്ഷം രൂപ നൽകാൻ ഭർത്താവിനു നിർദേശം നൽകി ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

 

2009 ൽ വിവാഹസമയം വീട്ടുകാർ നൽകിയ 89 പവൻ സുരക്ഷിതമായി സൂക്ഷിക്കാനെന്നുപറഞ്ഞു ആദ്യരാത്രി തന്നെ ഭർത്താവ് വാങ്ങിയെന്നും പഴയകടം വീട്ടാൻ ഭർതൃമാതാവ് പിന്നീട് ഇതു ദുരുപയോഗം ചെയ്തെന്നുമാണു സ്ത്രീ പരാതി നൽകിയത്. 2011ൽ കുടുംബ കോടതി സ്ത്രീയുടെ വാദം ശരിവച്ചു നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു.

 

എന്നാൽ കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി, ഭർത്താവും ഭർതൃമാതാവും സ്വർണം ദുരുപയോഗം ചെയ്തെന്നു തെളിയിക്കാൻ സ്ത്രീക്കു കഴിഞ്ഞില്ലെന്നാണു വിധിച്ചത്. തുടർന്നാണു സുപ്രീം കോടതിയെ സമീപിച്ചത്.

 

വിവാഹസമയം സ്ത്രീക്കു സ്വന്തം കുടുംബത്തിൽനിന്നു ലഭിക്കുന്ന സ്വത്ത് ഭാര്യയുടെയും ഭർത്താവിന്റെയും തുല്യസ്വത്തല്ല. അതിനുമേൽ ഭർത്താവിനു സ്വതന്ത്ര അധികാരവുമില്ല. സ്ത്രീധനം സമ്പൂർണമായും സ്ത്രീയുടെ സ്വത്താണ്. കോടതി മുൻപാകെ സ്ത്രീ ഹാജരാക്കിയ വസ്തുതകൾ നീതിപൂർവം പരിഗണിച്ചു വിധിയെഴുതാൻ ഹൈക്കോടതി പരാജയപ്പെട്ടെന്നും സുപ്രീം കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here