മുംബൈ∙ സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ(65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. യോദ്ധ,വ്യൂഹം,ഗാന്ധർവം,നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.
രഘുവരൻ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായി അരങ്ങേറിയത്. തുടർന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധർവം, നിർണയം, സ്നേഹപൂർവം അന്ന തുടങ്ങിയ ചിത്രങ്ങൾ സംഗീത് ഒരുക്കി. ‘ജോണി’ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.