തിരുവനന്തപുരം ∙ റിട്ട. എക് സൈസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഗുണ്ട ഇടുക്കിയിലെ സംഘത്തിനു ക്വട്ടേഷൻ നൽകി. ശാന്തിഭൂഷൺ എന്ന പ്രതിയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസി.കമ്മിഷണറായിരുന്ന ടി. അനികുമാറിനെതിരെ ക്വട്ടേഷൻ നൽകിയത്. സംസ്ഥാന ഇന്റലിജൻസും എക്സൈസ് ഇന്റലിജൻസും ഇക്കാര്യം ജയിൽ മേധാവിയെ അറിയിച്ചു. തുടർന്നു പ്രതിയെ ജയിലിൽ കർശന നിരീക്ഷണത്തിലാക്കി. എസ്ഐയെ തട്ടിക്കൊണ്ടു പോയ കേസിലടക്കം ഇയാൾ പ്രതിയാണ്.
2021 ഡിസംബറിൽ 25 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ അനികുമാറും സംഘവും പിടികൂടിയവരിൽ മൂന്നാം പ്രതിയാണു ശാന്തിഭൂഷൺ. 6.45 കിലോഗ്രാം ഹഷീഷുമായി പിടിയിലായ ഇടുക്കി സ്വദേശിയും ജയിലിലുണ്ട്. ഇയാൾ വഴി ഇടുക്കി സംഘത്തിനു ക്വട്ടേഷൻ നൽകിയെന്നാണ് വിവരം.
അനികുമാർ അടുത്തയിടെ സർവീസിൽനിന്നു വിരമിച്ച ശേഷം പോത്തൻകോടാണു താമസം. നിർദേശത്തെ തുടർന്ന് അനികുമാറിന്റെ വീടിനു പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര ബിഷപ് ഹൗസ് ആക്രമണക്കേസിൽ ഉൾപ്പെടെ 25 ലേറെ കേസുകളിൽ പ്രതിയാണു ശാന്തിഭൂഷൺ. കുഴൽപണം പിടികൂടിയ കേസിൽ ഒരു വർഷം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലായിരുന്നു. ശാന്തിഭൂഷണും സംഘത്തിനും എക്സൈസിലും സ്വാധീനമുണ്ടെന്നാണു വിവരം.