വളർത്തുനായയുടെ നഖം കൊണ്ട് മുറിഞ്ഞു; ചികിത്സ ഒഴിവാക്കിയ ഹോമിയോ ഡോക്ടർ പേവിഷബാധയേറ്റു മരിച്ചു

0
960

പാലക്കാട്∙ മണ്ണാർക്കാട് പേവിഷബാധയേറ്റ് കുമരംപുത്തൂരിൽ ഹോമിയോ ഡോക്ടർ മരിച്ചു. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് (42) ഉച്ചയോടെ മരിച്ചത്. രണ്ടു മാസം മുൻപ് വീട്ടിലെ വളർത്തു നായയുടെ നഖം തട്ടി മുറിവേറ്റിരുന്നെങ്കിലും ചികിത്സ തേടിയിരുന്നില്ല. ദിവസങ്ങൾക്കു ശേഷം നായ ചത്തു.

 

ഞായറാഴ്ച അസ്വസ്ഥതയെത്തുടർന്ന് മണ്ണാർക്കാട് സ്വകാര്യ ആശുപത്രികളിലും കോട്ടത്തറ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നെങ്കിലും നിരീക്ഷണത്തിലായിരിക്കെ റംലത്തും ഭർത്താവ് ഉസ്‌മാനും തിങ്കളാഴ്ച പുലർച്ചെ മെഡിക്കൽ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാവിലെ വീട്ടിലെത്തിയശേഷം വീണ്ടും അസ്വസ്ഥതയുണ്ടാവുകയും ഉച്ചയോടെ മരണപ്പെടുകയുമായിരുന്നു.

 

ആരോഗ്യ വകുപ്പ് അധികൃതർ സ്‌ഥലത്തെത്തി പരിശോധന നടത്തി. ഇവരുമായി ഇടപഴകിയവരോട് കുത്തിവയ്പ് എടുക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. അതേസമയം പേവിഷബാധ മൂലമാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് സ്‌ഥിരീകരിച്ചെന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും മണ്ണാർക്കാട് എസ്എച്ച്ഒ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here