‘ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയണം’: വിഡിയോ കോളിൽ 36കാരിയായ അഭിഭാഷകയെ നഗ്നയാക്കി തട്ടിപ്പുസംഘം

0
430

അഭിഭാഷകയെ വിഡിയോ കോളിൽ വിവസ്ത്രയാക്കി തട്ടിപ്പുസംഘത്തിന്റെ ഭീഷണി. അന്ധേരി ഈസ്റ്റ് സ്വദേശിയായ 36 വസ്സുകാരിയായ അഭിഭാഷകയെ ആണു കള്ളപ്പണ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി വിഡിയോ കോളിൽ നഗ്നയാക്കുകയും അമ്പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം. അഭിഭാഷക ഷോപ്പിങ് മാളിൽ നിൽക്കുമ്പോഴാണ് ‘ട്രായ്’ൽനിന്നാണെന്നു പരിചയപ്പെടുത്തി തട്ടിപ്പുസംഘത്തിന്റെ ആദ്യ ഫോൺ വിളിയെത്തുന്നത്.

 

അഭിഭാഷകയുടെ സിം കാർഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ഉടൻ ബ്ലോക്ക് ചെയ്യുമെന്നുമായിരുന്നു അറിയിപ്പ്. ഇത് ഒഴിവാക്കാൻ പൊലീസിൽ നിന്നു ക്ലിയറൻസ് വാങ്ങിക്കണമെന്നു പറഞ്ഞശേഷം അന്ധേരി സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഒരാൾക്കു ഫോൺ കൈമാറി. ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ ഉള്‍പ്പെട്ട കള്ളപ്പണക്കേസില്‍ അഭിഭാഷകയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

 

ഇതിനുശേഷം പരിശോധന നടത്താനായി ഒഴിഞ്ഞ സ്ഥലത്തേയ്ക്കു മാറാൻ തട്ടിപ്പുസംഘം ആവശ്യപ്പെട്ടു. ഇതോടെ അഭിഭാഷക സമീപമുള്ള ഹോട്ടലിൽ മുറിയെടുത്തു. ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാനും കേസ് രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശരീരത്തിലെ അടയാളങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാനുമായി വസ്ത്രങ്ങൾ അഴിക്കാനായിരുന്നു സംഘത്തിന്റെ അടുത്ത ആവശ്യം. വനിതാ ഉദ്യോഗസ്ഥയാണു വിഡിയോ കോളില്‍ പരിശോധന നടത്തുകയെന്നും ഇവർ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടിയാണെന്നു വിശ്വസിച്ച അഭിഭാഷക, തട്ടിപ്പുകാരുടെ നിര്‍ദേശമനുസരിച്ച് വിഡിയോ കോളില്‍ വിവസ്ത്രയായി. എന്നാല്‍ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ തട്ടിപ്പുസംഘം പകർത്തിയിരുന്നു. ഇതിനുശേഷം കേസില്‍നിന്ന് ഒഴിവാക്കാനായി 50,000 രൂപ ഓണ്‍ലൈന്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തട്ടിപ്പുസംഘം നിര്‍ദേശിച്ചു. സംഭവത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തരുതെന്നും ഭീഷണിപ്പെടുത്തി. പിന്നാലെ നഗ്നച്ചിത്രങ്ങൾ അയച്ചും ഭീഷണി തുടങ്ങിയതോടെയാണു തട്ടിപ്പാണെന്ന് അഭിഭാഷകയ്ക്കു മനസ്സിലായത്. തുടർന്ന് ഭർത്താവിനെ വിവരമറിയിച്ച അഭിഭാഷക, പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊവായ് പൊലീസ് അറിയിച്ചു. പണം കൈമാറിയ അക്കൗണ്ടിന്റെ വിവരങ്ങള്‍ക്കായി ബാങ്കിന്റെ നോഡല്‍ ഓഫിസറെ പൊലീസ് സമീപിച്ചു. അക്കൗണ്ട് മരവിപ്പിക്കാനും നിര്‍ദേശം നല്‍കി. സംഭവത്തില്‍ അക്കൗണ്ട് ഉടമയെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here