റായ്പൂർ > ചത്തീസ്ഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകർ പിടിയിൽ പിടിയിൽ. മനേന്ദ്രഗഡ്- ചിർമിരി- ഭരത്പൂർ ജില്ലയിലാണ് സംഭവം. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററും രണ്ട് അധ്യാപകരും ഫോറ്സ്റ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരനുമാണ് പിടിയിലായത്. പിടിയിലായ അധ്യാപകരെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
17കാരിയാണ് ഇവർക്കെതിരെ പരാതി നൽകിയത്. സർക്കാർ പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്റർ രവീന്ദ്ര സിങ് കുശ്‌വാഹ, സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ട് അധ്യാപകരായ അശോക് കുമാർ കുശ്‌വാഹ, കുശാൽ സിങ് പരിഹാർ, വനം വകുപ്പ് ജീവനക്കാരൻ ബൻവാരി സിങ് എന്നിവരാണ് പ്രതികൾ. രണ്ട് തവണ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായാണ് പരാതി. രവീന്ദ്ര സിങ് കുശ് വാഹ പഠനത്തിൽ സഹായിക്കാമെന്നു പറഞ്ഞ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. നവംബർ 15ന് പെൺകുട്ടിയെ അധ്യാപകരിലൊരാളുടെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം മൂന്ന് പേരും കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി.
നവംബർ 22ന് കടയിലേക്ക് പോവുകയായിരുന്ന കുട്ടിയെ അധ്യാപകൻ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. കുട്ടി വിവരം രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.