അഹമ്മദാബാദ് > 19കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിനു പിന്നാലെ ചുരുളഴിഞ്ഞത് നാലു കൊലപാതകങ്ങളുടെ വിവരം. നവംബർ 14നാണ് വൽസാദ് ജില്ലയിലെ ഉദ്വാഡ റെയിൽവേ സ്റ്റേഷനു സമീപം 19കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ റോഹ്തക് നിവാസിയായ പ്രതി രാഹുൽ കരംവീർ ജാട്ടിനെപ്പറ്റി വിവരം ലഭിച്ചത്. 2,000 ത്തോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഗുജറാത്തിലെ വൽസാദിലെ വാപി റെയിൽവേ സ്റ്റേഷനിൽ നിന്ന് നവംബർ 24നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മുമ്പ് നടത്തിയ കൊലപാതകങ്ങളുടെ വിവരവും പുറത്തുവന്നത്.
ഒറ്റയ്ക്കുള്ളവരെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ പതിവ് രീതി. കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുന്നതും ഇയാളുടെ രീതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ കയറിയാണ് കൊള്ളയും കൊലപാതകവും നടത്തിയിരുന്നത്. ഇയാൾക്കെതിരെ ഇതുവരെ 13 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.