ദ്വയാർഥമാണെന്ന് മനസ്സിലാകുമല്ലോ, ഹണിറോസ് എതിർക്കാത്തത് അവരുടെ മാന്യത’: ബോബിക്ക് ജാമ്യം

0
725

കൊച്ചി ∙ നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിശദമായ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെടുവിക്കും. ജാമ്യാപേക്ഷയിൽ വിധി കേട്ട ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചേക്കുമെന്നു വാക്കാൽ സൂചിപ്പിച്ചിരുന്നു. ബോബിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാൻഡിൽ പാർപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

 

ജാമ്യാപേക്ഷ പരിഗണിച്ചയുടൻ പ്രതിഭാഗം അഭിഭാഷകൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ വാസ്തവവിരുദ്ധമാണ്. കയ്യിൽ പിടിച്ചു എന്നതും ലൈംഗികാധിക്ഷേപം നടത്തി എന്നതും ശരിയല്ല. ഇപ്പോൾ തന്നെ 6 ദിവസം ജയിലിൽ കഴിഞ്ഞു. പരമാവധി മൂന്ന് വർഷം വരെ തടവ് കിട്ടുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന് ഒരു ദിവസത്തെ റിമാൻഡ് പോലും ആവശ്യമില്ല തുടങ്ങിയ വാദങ്ങൾ പ്രതിഭാഗം ഉന്നയിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടന്നാൽ താൻ അതിന് എതിരാണെന്നും അതിനാൽ അക്കാര്യങ്ങൾ വിചാരണയിൽ പറഞ്ഞാൽ മതിയെന്നും കോടതി പ്രതികരിച്ചു.

 

ബോബിക്ക് ജാമ്യം നൽകരുതെന്നും സമൂഹത്തിന് ശക്തമായ സന്ദേശം നൽകുന്നതായിരിക്കണം വിധിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു. തുടർന്ന് ബോബി ചെമ്മണൂര്‍ നൽകിയ അഭിമുഖങ്ങളും ബോബിയുടെ പ്രസ്താവനകളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് കേട്ടാൽ ദ്വയാർഥമാണെന്ന് മലയാളികൾക്ക് മനസ്സിലാകുമല്ലോ എന്ന് കോടതി പ്രതിഭാഗം അഭിഭാഷകനോട് ആരാഞ്ഞു. ഹണി റോസ് അത്ര പ്രധാനപ്പെട്ട അഭിനേത്രിയല്ല തുടങ്ങിയ കാര്യങ്ങളൊക്കെ എന്തിനാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത് എന്നും കോടതി ചോദിച്ചു. ബോബി കയ്യിൽ പിടിച്ച് കറക്കിയപ്പോൾ ഹണി റോസ് എതിര്‍പ്പ് പറഞ്ഞില്ല തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദത്തിനോട്, അത് അവരുടെ മാന്യത കൊണ്ടാണെന്നാണ് കോടതി പ്രതികരിച്ചത്.

 

റിമാൻഡ് തുടരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അനുകൂലമായല്ല കോടതി പ്രതികരിച്ചത്. എന്തിനാണ് ഇനിയും അതിന്റെ ആവശ്യമെന്ന് കോടതി ചോദിച്ചു. പൊലീസ് കസ്റ്റഡി പോലും ചോദിച്ചിട്ടില്ല. സമൂഹത്തിന് സന്ദേശം കിട്ടണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞപ്പോൾ, സമൂഹത്തിന് അത് ഇതിനകം തന്നെ മനസ്സിലായിക്കഴിഞ്ഞെന്ന് കോടതി പ്രതികരിച്ചു. ഇത്തരം കാര്യങ്ങളൊക്കെ പറയുന്നതിന്റെ പ്രത്യാഘാതം എന്തെന്ന് മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. ബോബി ഇത്തരം പദപ്രയോഗങ്ങൾ ആവർത്തിക്കില്ലെന്ന് എങ്ങനെയാണ് പറയാൻ സാധിക്കുന്നതെന്നു പ്രതിഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. സമൂഹമാധ്യമങ്ങളുടെ കാര്യത്തിൽ താൻ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് അഭിഭാഷകൻ പ്രതികരിച്ചു. തുടർന്നാണ് ജാമ്യം അനുവദിച്ചത്. ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക് വിശദമായ ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി.

 

ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ബോബിയെ പിറ്റേന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻ‍‍‍ഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസിൽ അടിയന്തര പ്രാധാന്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി. വ്യാഴാഴ്ച മുതൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി. തനിക്കെതിരെ തുടർച്ചയായി ലൈംഗികാധിക്ഷേപവും അപകീർത്തികരവുമായ പരാമർശങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. പിറ്റേന്ന് വെളുപ്പിനെ വയനാട്ടുനിന്നു ബോബിയെ പൊലീസ് കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here