കുടുംബവഴക്കിനെത്തുടർന്നു മരുമകൻ അമ്മായിയമ്മയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം പരവൻപറമ്പിൽ സോമന്റെ ഭാര്യ നിർമല (58), മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ അന്ത്യാളത്താണു സംഭവം. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ ഇന്നു രാവിലെയാണ് ഇരുവരും മരിച്ചത്.
മനോജിനെതിരെ വീട്ടുകാർ മുൻപു പൊലീസിൽ പരാതി നൽകിയിരുന്നു. മനോജിന്റെ ഭാര്യ ജോലിക്കു പോകുന്നതു സംബന്ധിച്ചു വഴക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ആറുവയസ്സുകാരൻ മകനുമായി ഭാര്യവീട്ടിലെത്തിയ മനോജ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഭാര്യാമാതാവിന്റെ ദേഹത്തും സ്വന്തം ദേഹത്തും ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആദ്യം പാലാ ജനറൽ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. സംഭവസമയത്തു നിർമലയുടെ ഭർത്താവ് സോമൻ പുറത്തു പോയിരുന്നു. നിർമലയെക്കൂടാതെ വല്യമ്മയും വീട്ടിലുണ്ടായിരുന്നു.