രാമനഗര ദയാനന്ദ സാഗർ കോളജിലെ നഴ്സിംഗ് വിദ്യാർത്ഥിനി അനാമികയുടെ ആത്മഹത്യയിൽ നടപടിയുമായി മാനേജ്മെൻറ്. നഴ്സിംഗ് കോളജ് പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇരുവരുടെയും മാനസിക പീഡനത്തെ തുടർന്നാണ് അനാമിക ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെയും സഹപാഠികളുടെയും ആരോപണം. സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും സർവ്വകലാശാല അറിയിച്ചു. രാമനഗരയിലെ നഴ്സിംഗ് കോളജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു അനാമിക.
പരീക്ഷയിൽ കോപ്പിയടിച്ചതിനുള്ള നടപടി മാത്രമാണ് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനിയായ അനാമികയ്‌ക്കെതിരെ ഉണ്ടായതെന്നാണ് കോളജ് മാനേജ്മെന്റിന്റെ വിശദീകരണം. അനാമികയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോളജ് കവാടത്തിൽ സഹപാഠികൾ സമരത്തിലാണ്. അനാമിക കോളജിൽ ജോയിൻ ചെയ്തിട്ട് നാല് മാസമേ ആയുള്ളൂ. കോളജിൽ മൊബൈലടക്കം കയ്യിൽ കൊണ്ട് നടക്കുന്നതിനും വസ്ത്രധാരണത്തിനും വിചിത്ര നിയന്ത്രണങ്ങളാണ്. പകൽ മുഴുവൻ ഫോൺ കോളജ് റിസപ്ഷനിൽ വാങ്ങി വയ്ക്കും. ഇന്‍റേണൽ പരീക്ഷകളിലൊന്നിനിടെ കയ്യിൽ മൊബൈൽ കണ്ടെന്നും അത് കോപ്പിയടിക്കാൻ കൊണ്ട് വന്നതാണെന്നും പറഞ്ഞ് അനാമികയോട് കോളജിൽ വരേണ്ടെന്ന് പറഞ്ഞെന്നാണ് സഹപാഠികൾ പറയുന്നത്.
ഭക്ഷണം കഴിക്കാൻ എത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ മുറിയിലെത്തി അനാമികയെ വിളിച്ചു. വാതിൽ തുറക്കാതെ വന്നതോടെ മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറക്കുകയായിരുന്നു. മാനേജ്മെന്റിന്റെ കടുത്ത മാനസിക പീഡനം അനാമിക നേരിട്ടിരുന്നുവെന്ന് ആണ് സഹപാഠികളുടെ ആരോപണം. ഒടുവിൽ ബ്ലാക് ലിസ്റ്റിൽപ്പെടുത്തി അനാമികയെ സസ്പെൻഡ് ചെയ്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. കോളജിലെ മലയാളി വിദ്യാർത്ഥികളെല്ലാം ഇതേ മാനസിക പീഡനം അനുഭവിക്കുന്നുണ്ടെന്നാണ് പരാതി. എന്നാൽ വിദ്യാർത്ഥികളുടെ ആരോപണങ്ങളെ പൂർണമായും നിഷേധിച്ചിരുന്നു കോളജ് മാനേജ്മെന്റ്.