ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി മരിച്ചു

0
440

കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവു മൂലം രോഗി മരിച്ചെന്നു പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് ഇന്നു പുലർച്ചെ മരിച്ചത്. ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവ‌ു പറ്റിയെന്നും ഇതാണു മരണത്തിലേക്കെത്തിച്ചതെന്നുമാണു ബന്ധുക്കൾ പറയുന്നത്.

 

ഗർഭപാത്രം നീക്കുന്നതിന് ഈ മാസം നാലിനാണ് വിലാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ കുടലിനു ചെറിയ മുറിവേറ്റെന്ന് ഡോക്ടർമാർ അറിയിച്ചു. തുന്നലുണ്ടെന്നും എന്നാൽ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് അറിയിച്ചത്. എട്ടാം തീയതി വാർഡിലേക്കു മാറ്റി. ഞായാറാഴ്ച മുതൽ സാധാരണ ഭക്ഷണം നൽകാമെന്ന് അറിയിച്ചു.

 

സാധാരണ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ വയറുവേദന കൂടി. തുടർന്ന് ഐസിയുവിലേക്കു മാറ്റി. തിങ്കളാഴ്ച അണുബാധയുണ്ടായെന്നും ഉടൻ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. ശസ്ത്രക്രിയ നടത്തിയെങ്കിലും ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളായി. ഇന്നു പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽനിന്നു മറ്റൊരു ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനാൽ സാധിച്ചില്ലെന്നും ബന്ധുക്കൾ അറിയിച്ചു.

 

ഹൃദയസ്തംഭനം മൂലമാണു മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു പ്രതികരണം വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here