യുഎസിൽ വീണ്ടും വിമാന ദുരന്തം: അലാസ്കയിൽ വിമാനം തകർന്നുവീണ് 10 പേർ മരിച്ചു

0
137

വാഷിങ്ടൻ∙ നോമിലേക്കുള്ള യാത്രാമധ്യേ അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായ യുഎസിന്റെ ബെറിങ് എയർ കമ്യൂട്ടർ വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ നിന്നാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്ന 10 പേരും മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

പൈലറ്റും ഒൻപതു യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റിൽ നിന്നാണ് വിമാ‌നം യാത്ര തിരിച്ചത്. നോമിന് ഏകദേശം 12 മൈൽ അകലെയും 30 മൈൽ തെക്കുകിഴക്കുമായിട്ടാണ് അപകടം നടന്ന സ്ഥലം. യുഎസ് സിവിൽ എയർ പട്രോളിൽ നിന്നുള്ള റഡാർ ഡേറ്റ പ്രകാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. അതേസമയം അപകടകാരണം വ്യക്തമല്ല. പ്രദേശത്ത് ചെറിയ രീതിയിൽ മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

 

എട്ട് ദിവസത്തിനിടെ യുഎസിൽ സംഭവിക്കുന്ന മൂന്നാമത്തെ വലിയ വിമാന ദുരന്തമാണ് അലാസ്കയിലേത്. ജനുവരി 29ന് വാഷിങ്ടനിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചിരുന്നു. ജനുവരി 31ന് ഫിലാഡൽഫിയയിൽ വിമാനം തകർന്നുവീണ് 7 പേരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here