പിതാവ് ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ പ്രതികരിച്ച് മകൻ ചാണ്ടി ഉമ്മൻ. കേരളത്തിലേക്ക് മടങ്ങിവരാനിരിക്കുകയായിരുന്നു. അത് സാധ്യമായില്ല എന്ന് അദ്ദേഹം പ്രതികരിച്ചു.
എന്ത് പറയണമെന്ന് എനിക്കറിയില്ല. വളരെ ആത്മാർത്ഥമായി സഹകരിച്ച് അദ്ദേഹത്തോട് സ്നേഹമുള്ള ലക്ഷങ്ങളാണ് ഈ കടന്നു പോകുന്നത്. അദ്ദേഹം ആർക്കുവേണ്ടി ജീവിച്ചോ, അവരാണ് ഇന്ന് വന്നിരിക്കുന്നത്, ഞങ്ങളെ ആശ്വസിപ്പിക്കാൻ. ഇതിൽപ്പരം ഞങ്ങൾക്ക് മറ്റൊന്നുമില്ല. ഇത്രയും സ്നേഹം കാണുമ്പോ വാക്കുകളില്ല പറയാൻ. പക്ഷേ, അദ്ദേഹത്തിൻ്റെ വിടവ് വലിയ വിടവാണ്.
ആ വിടവ് നികത്താൻ ഒന്നിനും സാധിക്കത്തില്ല. ഞങ്ങൾക്ക് മാത്രമല്ല ഈ വന്ന ലക്ഷങ്ങൾ, അവരെ സംബന്ധിച്ച് അവരുടെ കുടുംബാംഗമായിട്ടാണ് ഇവിടെ വരുമ്പോൾ എനിക്ക് മനസ്സിലാകുന്നത്. ഈ നാടിനെ സംബന്ധിച്ചും വലിയൊരു വിടവായിട്ട് ഞാൻ കരുതുകയാണ്. ഒരിക്കലും നികത്താൻ പറ്റാത്ത ഒരു വിടവ്. ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല. ഈശ്വര നിശ്ചയം മാനിക്കേണ്ടി വരും.
നാട്ടിലേക്ക് വരാനിരിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അത് സാധ്യമായില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരോഗ്യം ഒന്ന് മോശമായി ആശുപത്രിയിൽ പോയി. രാത്രിയായപ്പോൾ വീണ്ടും ഒരല്പം കൂടി മോശമായി. വെളുപ്പിനെ കാർഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.