മുംബൈ ∙ ഭാര്യയ്ക്കും ഭാര്യയുടെ അമ്മായിക്കും എതിരെ ആത്മഹത്യ കുറിപ്പെഴുതി കമ്പനി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് യുവാവ് ജീവനൊടുക്കി. യുപിയിലെ കാൻപുർ സ്വദേശിയായ നിശാന്ത് ത്രിപാഠി (41) ആണ് കഴിഞ്ഞ ദിവസം മുംബൈ വിലെ പാർലെയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ജീവനൊടുക്കിയത്. ത്രിപാഠിയുടെ അമ്മയും സാമൂഹിക പ്രവർത്തകയുമായ നീലം ചതുർവേദി നൽകിയ പരാതിയിൽ മരുമകൾ അപൂർവ പരീഖിനും ബന്ധു പ്രാർഥന മിശ്രയ്ക്കുമെതിരെ പൊലീസ് കേസെടുത്തു.
സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ത്രിപാഠിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുംബൈയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് 3 ദിവസം മുൻപ് ഹോട്ടലിൽ മുറിയെടുത്ത ഇയാൾ ‘ശല്യപ്പെടുത്തരുത്’ എന്ന ബോർഡ് വാതിലിൽ തൂക്കി റൂമിനുള്ളിൽ തന്നെയിരിക്കുകയായിരുന്നു.
വാതിൽ തുറക്കാതായതോടെ സംശയം തോന്നിയ ഹോട്ടൽ തൊഴിലാളി മാസ്റ്റർ കീ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിസിനസ് തകർച്ചയും കുടുംബ പ്രശ്നങ്ങളും ഇയാളെ അലട്ടിയിരുന്നെന്ന് പൊലീസ് പറഞ്ഞു.