വാഷിങ്ടൻ ∙ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ‘എക്‌സ്’ ആഗോള തലത്തില്‍ പണിമുടക്കി. യുഎസ്, ഇന്ത്യ, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുള്‍പ്പെടെ പ്രധാന രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് എക്സ് കിട്ടാതായത്. ലോകമെമ്പാടുമുള്ള 40,000ത്തിലധികം ഉപയോക്താക്കള്‍ സേവന തടസങ്ങള്‍ സംബന്ധിച്ച പരാതികള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി എക്‌സ് ഉപയോക്താക്കള്‍ക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനോ ടൈംലൈന്‍ റീഫ്രഷ് ചെയ്യാനോ കഴിഞ്ഞില്ല.
ഇന്ത്യന്‍ സമയം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കും രാത്രി ഏഴിനും തടസം നേരിട്ടു. 56 ശതമാനം ഉപയോക്താക്കളും ആപ്പില്‍ തന്നെ പ്രശ്‌നം നേരിടുന്നുണ്ട്. 33 ശതമാനം ആളുകളും വെബ്‌സൈറ്റില്‍ പ്രശ്‌നങ്ങള്‍ നേരിട്ടു. 11 ശതമാനം പേര്‍ക്ക് സെര്‍വര്‍ കണക്ഷന്‍ ലഭിച്ചില്ല. വ്യാപകമായി പരാതി നല്‍കിയിട്ടും ഔദ്യോഗികമായ പ്രസ്താവനയൊന്നും എക്‌സ് പുറപ്പെടുവിച്ചിട്ടില്ല. നിലവിലും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു.