ബെംഗളൂരു ∙ ഹംപിയിൽ ഇസ്രയേൽ സ്വദേശിനിയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവത്തെ തുടർന്ന് കർണാടകയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ സന്നാഹം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി ജി.പരമേശ്വരയും ഉറപ്പു നൽകി. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ഹംപി ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിലവിലെ സുരക്ഷാ വീഴ്ചകൾ പരിശോധിച്ച് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതികൾക്കൊപ്പമുണ്ടായിരുന്ന 3 പുരുഷന്മാരെ തുംഗഭദ്ര കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് പ്രദേശവാസികളായ 3 യുവാക്കൾ ചേർന്ന് ഇവരെ പീഡിപ്പിച്ചത്. കനാലിലേക്കു വീണ യുഎസ് പൗരനടക്കം 2 പേർ നീന്തി രക്ഷപ്പെട്ടിരുന്നു. എന്നാൽ ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശിയായ യുവാവ് മുങ്ങി മരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.