മദ്യപിച്ചെത്തി ബെൽറ്റ് കൊണ്ട് 13കാരനെ ക്രൂരമായി മർദിച്ചു; പിതാവ് അറസ്റ്റിൽ

0
391

കലഞ്ഞൂർ ∙ മദ്യപിച്ചു വീട്ടിലെത്തി 13 വയസ്സുകാരനെ നിരന്തരം അതിക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. മാസങ്ങളായി കുട്ടിയെ ബെൽറ്റും മറ്റ് സാധനങ്ങളും ഉപയോഗിച്ച് മർദിച്ചിരുന്ന ഇയാളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലിലൂടെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണു പിതാവിന്റെ മർദനമേറ്റത്.

 

രാത്രി മദ്യപിച്ച് വീട്ടിലെത്തുന്ന പിതാവ് മകനെ മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. അമ്മ എടുത്ത വിഡിയോ സ്കൂൾ അധികൃതർക്ക് ലഭിക്കുകയും പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുകയുമായിരുന്നു. തുടർന്ന് കൂടൽ പൊലീസിനു വിവരം കൈമാറി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പിതാവിനെതിരെ കേസെടുക്കുകയും തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

 

ഇയാൾ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നതു സംബന്ധിച്ചു കുട്ടിയുടെ അമ്മ കഴിഞ്ഞ 23ന് കൂടൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇയാളെ സ്റ്റേഷനിൽ വിളിപ്പിച്ചു താക്കീത് നൽകി. 10 വർഷമായി ഇത്തരത്തിൽ കുട്ടിയുടെ മാതാവിനെയും ഉപദ്രവിക്കുന്നുണ്ടായിരുന്നു. പല തവണ ഡിഅഡിക്‌ഷൻ സെന്ററിൽ കൊണ്ടുപോയെങ്കിലും മദ്യപാനം തുടർന്നു. ഇളയ കുട്ടിയെയും ഇടയ്ക്കിടെ ഇത്തരത്തിൽ മർദിക്കാറുണ്ടെന്നാണ് അറിയുന്നത്. കയ്യിൽ കിട്ടുന്നതെന്തും ഉപയോഗിച്ചായിരുന്നു മർദനം. പേടിമൂലം കുട്ടി ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here