കല്‍പ്പറ്റ: മുണ്ടെക്കൈ – ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി എഐടിയുസി സംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാളെ മേപ്പാടി സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഹാളില്‍ തൊഴിലാളി കണ്‍വെന്‍ഷന്‍ നടക്കും. രാവിലെ 10 മണിക്ക് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്, വൈസ് പ്രസിഡന്റ് സി.പി. മുരളി, ആര്‍. പ്രസാദ് തുടങ്ങിയ സംസ്ഥാന നേതാക്കളും എം.പി., എം.എല്‍.എ.മാരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ദുരന്തത്തില്‍ അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം, സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള തുടര്‍ സഹായങ്ങള്‍, സര്‍ക്കാര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കല്‍ തുടങ്ങിയ എഐടിയുസിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍വെന്‍ഷന്‍ തുടക്കം കുറിക്കും. ദുരിതബാധിതര്‍ ഉള്‍പ്പെടെ 200 പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്. സ്റ്റാന്‍ലി അറിയിച്ചു.