പത്തനംതിട്ട : ഒന്നര വർഷം മുൻപു പത്തനംതിട്ടയിൽ നിന്ന് കാണാതായ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അഫ്സാന. പൊലീസിന്റെ ക്രൂരമർദനത്തെ തുടർന്നാണ് നൗഷാദിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചതെന്ന് അഫ്സാന മാധ്യമങ്ങളോട് പറഞ്ഞു. നൗഷാദിനെ കൊന്നു കുഴിച്ചു മൂടിയെന്ന മൊഴിക്കു പിന്നാലെ അഫ്സാനയെ അറസ്റ്റ് ചെയ്തിരുന്നു. നൗഷാദിനെ ജീവനോടെ കണ്ടെത്തിയതോടെ അഫ്സാനയ്ക്കു ജാമ്യം ലഭിച്ചു. അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് പൊലീസിനെതിരെ ആരോപണവുമായി ഇവർ രംഗത്തെത്തിയത്.
‘‘കസ്റ്റഡിയിലിരിക്കെ വനിതാ പൊലീസ് ഉൾപ്പെടെ ക്രൂരമായി മർദ്ദിച്ചു. ഞാൻ ഇങ്ങനെ അടി കൊണ്ടിട്ടില്ല. എന്റെ പുറം ഒക്കെ അടിച്ചുകലക്കി. എനിക്ക് ഒരുപാട് നേരം നിൽക്കാൻ വയ്യ. നൗഷാദിന് എന്തു പറ്റിയെന്നു ചോദിച്ചപ്പോൾ എനിക്കറിയില്ലെന്നു പറഞ്ഞു. അതിനുശേഷം അവർ പറഞ്ഞത് മാത്രമാണ് ഞാൻ ചെയ്തത്. എന്റെ രണ്ടു കുഞ്ഞുങ്ങളെ പോലും കാണിക്കില്ലെന്നു പറഞ്ഞപ്പോഴാണ് കൊന്നെന്നു സമ്മതിച്ചത്. വാപ്പയെ പ്രതിചേർക്കുമെന്നും കെട്ടിത്തൂക്കുമെന്നും പറഞ്ഞു. എനിക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് ഇപ്പോഴാണ് അറിയുന്നത്.
പരുത്തിപാറയിലെ വീട്ടിലും പരിസരത്തും തറ കുഴിച്ചും സമീപത്തെ സെമിത്തേരിയിലെ കല്ലറ തുറന്നും പരിശോധിച്ചെങ്കിലും തെളിവുകൾ ലഭിച്ചില്ല.
കബളിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വ്യാഴാഴ്ച അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകി വീണ്ടും ചോദ്യംചെയ്യാനിരിക്കെയാണു നൗഷാദ് ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചത്. ഇടുക്കി തൊമ്മൻകുത്തിലെ ജോലിസ്ഥലത്തുനിന്നാണ് നൗഷാദിനെ കണ്ടെത്തിയത്. അഫ്സാനയ്ക്കെതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസിനെ കബളിപ്പിച്ചുവെന്ന കേസ് നിലനിൽക്കുമെന്നുമാണ് അധികൃതർ അറിയിച്ചത്.