കാസര്‍കോട്: കോടതിവളപ്പില്‍ സൂക്ഷിച്ച ഇരുമ്പ് ഗേറ്റ് മോഷ്ടിച്ചുവിറ്റ താല്‍ക്കാലിക ജീവനക്കാരൻ അറസ്റ്റില്‍. ഏച്ചിക്കാനം സ്വദേശിയായ എ വി സത്യനാണ്(61) പിടിയിലായത്. ഹൊസ്ദുര്‍ഗ് കോടതിസമുച്ചയത്തിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസുകള്‍ വൃത്തിയാക്കുന്ന താത്കാലിക ശുചീകരണത്തൊഴിലാളിയാണ് . സംഭവത്തിൽ ഇതേ കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം. അറ്റകുറ്റപ്പണികള്‍ നടത്താനായി അഴിച്ച് വച്ച ഗേറ്റാണ് ഇയാൾ മോഷ്‌ടിക്കാൻ ശ്രമിച്ചത്. ഗുഡ്സ് ഓട്ടോ വാടകയ്ക്ക് എടുത്ത് ഇരുമ്പ് ഗേറ്റ് കയറ്റിക്കൊണ്ട് പോവുകയായിരുന്നു. 15,000 രൂപ വിലമതിക്കുന്ന ഗേറ്റ് 1500 രൂപയ്ക്ക് ആക്രിക്കടയില്‍ വിറ്റുവെന്ന് ഇയാള്‍ പോലീസിനു മൊഴി നല്‍കി. കോടതി പരിസരത്തെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്.