പൊലീസുകാരിയായ ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ്. ജോലി ലഭിച്ചതിനു ശേഷം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നില്ലെന്നാരോപിച്ചാണ് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നാലെ ഒളിവിൽ പോയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബീഹാറിലെ പട്നയിലാണ് സംഭവം. ഹോട്ടൽ മുറിയിൽ 23കാരിയായ ശോഭ കുമാരിയുടെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഭർത്താവായ ഗജേന്ദ്ര കുമാർ ആണെന്ന് കണ്ടെത്തുകയായിരുന്നു. ഏതാണ്ട് രണ്ട് ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ഇയാളെ പൊലീസ് പിന്നീട് പിടികൂടി.
പ്രണയത്തിലായിരുന്ന ഇരുവരും 2016ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് നാല് വയസായ മകളുണ്ട്. ശോഭയ്‌ക്ക് ജോലി കിട്ടിയ ശേഷം ഇവർക്കിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോലി രാജിവെക്കണമെന്ന ഗജേന്ദ്രയുടെ ആവശ്യം ശോഭ നിരസിച്ചു. തുടർന്ന് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഗജേന്ദ്ര ഭാര്യയെ വെടിവെച്ച് കൊല്ലുകയായിരുന്നു. മുറിയിൽ വെടിയേറ്റ നിലയിൽ നഗ്നയായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.