വൈത്തിരി : തമിഴ്നാട് അരിയല്ലൂർ സ്വദേശിയായ അരുളി(40) ന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് അരിയൂർ മുത്ത് സെർവാ മഠം സ്വദേശിയായ രമേശി(43) നെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. അസ്വഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് റോഡിൽ കുഴി വെട്ടുന്ന ജോലിക്കായി തമിഴ്നാട്ടിൽ നിന്നു വന്ന തൊഴിലാളിയാണ് മരണപ്പെട്ട അരുൾ. 30.10.2023 തിയ്യതി വൈകീട്ട് വൈത്തിരി, പൊഴുതന, ആറാം മൈൽ എന്ന സ്ഥലത്ത് തൊഴിലാളികൾ താമസിച്ചു വന്നിരുന്ന വാടക വീട്ടിൽ ഭക്ഷണം പാകം ചെയ്ത് ഒരുമിച്ചിരുന്നു കഴിക്കുന്ന സമയം മരണപ്പെട്ട അരുൾ മദ്യ ലഹരിയിൽ മറ്റുള്ളവരുടെ പാത്രങ്ങളിലേക്ക് പഴകിയ ഭക്ഷണാവശിഷ്‌ടം എറിഞ്ഞത് ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന മേസ്തിരിയായ രമേശ് ചോദ്യം ചെയ്യുകയും തുടർന്നുണ്ടായ സംഘർഷത്തിൽ അരുളിന് പരിക്ക് പറ്റി വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ആന്തരിക രക്തസ്രാവമാണ് മരണകാരണം.സബ് ഇൻസ്‌പെക്ടർ സന്തോഷ് മോന്റെ നേതൃത്വത്തിൽ എ.എസ്.ഐ മണി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദേവജിത്ത്, അനസ് സിവിൽ പോലീസ് ഓഫീസർമാരായ ആഷ്‌ലിൻ, പ്രമോദ് അബ്ദുൽനാസർ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.