വധശിക്ഷാ ഉത്തരവിൽ ഒപ്പിട്ട പേന മാറ്റിവച്ച് ജഡ്ജി കെ.സോമൻ

0
1540

കൊച്ചി ∙ ആലുവയിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചതിനു പിന്നാലെ ഉത്തരവിൽ ഒപ്പുവച്ച പേന മാറ്റിവച്ച് ജഡ്ജി. എറണാകുളം പോക്സോ പ്രത്യേക കോടതി ജ‍‍ഡ്ജി കെ.സോമനാണു പേന മാറ്റിവച്ച് കോടതിമുറിയിൽ നിന്നിറങ്ങിയത്. ഇന്ന് മറ്റു കേസുകളൊന്നും കോടതി പരിഗണിച്ചുമില്ല. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതികരിച്ചു.

 

ആലുവയില്‍ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനു (28) വധശിക്ഷയും 5 ജീവപര്യന്തവുമായിരുന്നു കോടതി വിധിച്ചത്. വിചാരണ പൂര്‍ത്തിയാക്കി 110–ാം ദിവസമാണു പോക്‌സോ പ്രത്യേക കോടതിയുടെ വിധിപ്രഖ്യാപനം. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളിലായാണു ശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പ് ഉൾപ്പെട്ട കേസിൽ ആദ്യമായാണു വധശിക്ഷ വിധിക്കുന്നത്.

 

വധശിക്ഷാ ഉത്തരവിൽ ഒപ്പിട്ട പേന ജഡ്ജിമാർ പിന്നീട് ഉപയോഗിക്കുന്ന പതിവില്ല. ചില ജഡ്ജിമാർ കോടതിമുറിയിൽതന്നെ പേന കുത്തിയൊടിക്കാറുമുണ്ട്. വധശിക്ഷ ഒരിക്കൽ പുറപ്പെടുവിച്ചാൽ പിന്നീട് ആ വിധി പുനഃപരിശോധിക്കാനോ റദ്ദാക്കാനോ വിധി പറഞ്ഞ ജഡ്ജിമാർക്ക് അധികാരമില്ല. ഉന്നത കോടതിക്കു മാത്രമാണ് പുനഃപരിശോധനാ അധികാരമുള്ളത്. പോക്സോ നിയമം പ്രാബല്യത്തിലായതിന്റെ 11–ാം വാർഷികത്തിലാണ് ഇതുപ്രകാരമുള്ള ആദ്യ വധശിക്ഷ എന്നതും ശ്രദ്ധേയം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. പ്രതി സമൂഹത്തിനാകെ ഭീഷണിയെന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here