പുല്‍പള്ളി: ബത്തേരി- പുല്‍പളളി പാതയോരത്ത് നില്‍ക്കുയായിരുന്ന കാട്ടാനകളുടെ അടുത്തുപോയി ചിത്രം പകര്‍ത്തുന്ന യുവാക്കളുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവത്തിനു പിന്നാലെ ഇവരെ കണ്ടെത്താനുളള ശ്രമത്തിലാണ് വനംവകുപ്പ്. ബത്തേരി പുല്‍പള്ളി റൂട്ടില്‍ സഞ്ചാരികള്‍ കാട്ടാനകളുടെ അടുത്തുപോയി അപകടകരമാംവിധം ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞദിവസം വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലെ അഞ്ചാംമൈല്‍ ഭാഗത്താണ് സംഭവം. വാഹനം നിറുത്തി പുറത്തിറങ്ങിയ സഞ്ചാരികള്‍, വന പാതയോരത്ത് നില്‍ക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തിന്റെ സമീപത്തേക്ക് പോയി മൊബൈലില്‍ സെല്‍ഫി എടുക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇത് പുറത്ത് വന്നതോടെ ഇവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാനുളള നീക്കത്തിലാണ് വനം വകുപ്പ്. ആനകളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാക്കളുടെ വാഹനത്തിന്റെ തൊട്ടുപുറകെയുണ്ടായിരുന്നവരാണ് ദൃശ്യം പകര്‍ത്തിയത്.