64 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് നഗ്നയാക്കി റോഡിൽ തള്ളിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നഗരപ്രാന്തമായ മാൻഖുർദിൽ ആണ് സംഭവം. മാൻഖുർദിലെ മത്സ്യ മാർക്കറ്റിൽ മത്സ്യം വിറ്റിരുന്ന വിധവയാണ് പീഡനത്തിനിരയായത്. മഹാരാഷ്ട്ര നഗർ മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഇവരെ ശരീരമാസകലം മുറിവേറ്റ പാടുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വഴിയാത്രക്കാരിൽ ചിലർ ഇവരെ കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട്, രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച്, ബോധം തെളിഞ്ഞ ശേഷം മൊഴിയെടുത്തു. അന്വേഷണത്തിൽ പ്രതി ഉമേഷ് ധോക്കെ(38)യെ അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പീഡനത്തിനിരയായ സ്ത്രീയെ നേരത്തേ പരിചയമുള്ള പ്രതി തിങ്കളാഴ്ച രാത്രി വീട്ടിൽ വിടാമെന്ന് പറഞ്ഞാണ് ഓട്ടോയിൽ കയറ്റിയത്. എന്നാൽ അവരുടെ വീട്ടിൽ എത്തിക്കുന്നതിനു പകരം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ, മർദിക്കുകയും അസഭ്യം പറയുകയും സ്വകാര്യ ഭാഗങ്ങളിൽ മുളവടി കൊണ്ട് കുത്തുകയും ചെയ്തെന്ന് മൊഴിയിലുണ്ട്. അവശയായ സ്ത്രീയെ ചൊവ്വാഴ്ച പുലർച്ചെയോടെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.