200 രൂപയെ ചൊല്ലി തർക്കം: പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ നഗ്നനാക്കി മർദിച്ചു

0
768

പത്താം ക്ലാസ് വിദ്യാർത്ഥിയോട് സഹപാഠികളുടെ ക്രൂരത.ഉത്തർപ്രദേശിലെ ഝാൻസിയിൽ 16 കാരനെ ആറ് സഹപാഠികൾ നഗ്നനാക്കി മർദ്ദിച്ചത്. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ആരോപണം. സഹപാഠികളിലൊരാൾ കടം വാങ്ങിയ 200 രൂപ തിരികെ നൽകാൻ ആവശ്യപ്പെട്ടതാണ് മർദ്ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

 

തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇരയായ വിദ്യാർത്ഥിയിൽ നിന്ന് ഒരു സുഹൃത്ത് 200 രൂപ കടം വാങ്ങിയിരുന്നു. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും തുക മടക്കി നൽകിയില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു.

 

തിങ്കളാഴ്ച പാർക്കിൽ ഇരിക്കുകയായിരുന്ന കുട്ടിയെ, കാറിലെത്തിയ നാല് സഹപാഠികൾ വനമേഖലയിലേക്ക് കൂട്ടികൊണ്ട് പോയി. സൈന്യത്തിന്റെ ടാർഗെറ്റ് പ്രാക്ടീസ് കാണിച്ചു തരാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കുട്ടിയെ വിളിച്ചുകൊണ്ട് പോയത്. പണം കടം വാങ്ങിയ സുഹൃത്തും ഇവർക്കൊപ്പമുണ്ടായിരുന്നു. സ്ഥലത്തെത്തിയ ശേഷം രണ്ട് പേർ കൂടി അവിടെ കാത്തു നിൽക്കുന്നുണ്ടെന്ന് കുട്ടി മനസിലാക്കി.

 

ഇവർ മദ്യലഹരിയിലായിരുന്നെന്നും, തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും കുട്ടി പൊലീസിനോട് പറഞ്ഞു. ചെറുത്തതോടെ മർദിക്കാൻ തുടങ്ങി. നഗ്നനാക്കിയ ശേഷം ആറ് പേർ വടിയും ബെൽറ്റും ഉപയോഗിച്ച് മർദിച്ചു. ആക്രമണം ഫോണിൽ പകർത്തി. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി ആരോപിച്ചു.

 

സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട കുട്ടി സ്വന്തം വീട്ടിലെത്തി. രണ്ട് ദിവസത്തിന് ശേഷം പ്രതികൾ വീഡിയോ ഓൺലൈനിൽ പങ്കുവച്ചു. ഇതോടെയാണ് വീട്ടുകാര് പോലും വിവരം അറിയുന്നത്. വീഡിയോ വൈറലായതോടെ അയൽപക്കത്ത് ഇറങ്ങാൻ പോലും പേടിയാണെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here