പനമരം: പനമരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസിലെ സഹോദരങ്ങളായ പ്രതികളെ പിടികൂടി. കര്‍ണാടകയിലെ ഹുണ്‍സൂരില്‍ വെച്ച് പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി സിജിത്തും സംഘവും സാഹസികമായി ഇവരെ പിടികൂടിയത്.കൂളിവയല്‍ കുന്നേല്‍ ബാദുഷ (28), സഹോദരന്‍ നിസാമുദ്ദീന്‍ (24) എന്നിവരാണ് പ്രതികൾ.
ജനുവരി 8 ന് കൂളിവയല്‍ സ്വദേശി തെല്‍ഹത്ത് എന്നയാളെ വധിക്കാന്‍ ശ്രമിച്ചതിന് ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. സംഭവത്തില്‍ പരാതിക്കാരന്റെ വലതു കൈക്ക് പൊട്ടല്‍ ഉണ്ടാവുകയും, തലയ്‌ക്കേറ്റ മുറിവില്‍ തുന്നലിടുകയും ചെയ്തിരുന്നു. പ്രതികള്‍ കര്‍ണാടകയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ല പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കര്‍ണാടകയിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികള്‍ രണ്ടുപേരെയും മുമ്പ് പോക്‌സോ കേസില്‍ പത്തുവര്‍ഷം ശിക്ഷിച്ചതാണെന്ന് പോലീസ് പറഞ്ഞു. പോലീസ് സാന്നിധ്യം അറിഞ്ഞ് മൈസൂരില്‍ നിന്നും ഒരു ലോറിയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്‍തുടര്‍ന്ന് അതിസാഹസമായാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി അബ്ദുല്‍ അസീസ്, അനൂപ് എം രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ എം എ ഷിഹാബ് എന്നിവര്‍ ഉണ്ടായിരുന്നു.