ഗൂഡല്ലൂർ: എരുമയെ കൊന്ന് മാംസമാക്കി കാട്ടുപോത്തിന്റെ മാംസമാണെന്ന് പറഞ്ഞ് വിൽപന നടത്തിയ വഴിക്കടവ് സ്വദേശികളായ മൂന്നു യുവാക്കൾ പോലീസ് പിടിയിൽ. 2007 മോഡൽ ഇന്നോവ വാടക കാറും നടുവട്ടം പൈക്കാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
മരുത കെട്ടുങ്ങൽ തണ്ടുപാറ മുഹമ്മദ് റാഷി(26), മരുത- ചക്കരപ്പാടം ചക്കിയത്ത് ജിഷ്ണു എന്ന മണിക്കുട്ടൻ(27), വഴിക്കടവ് കുമ്പങ്ങാടൻ ജംഷീർ(35) എന്നിവരാണ് പിടിയിലായത്. ഊട്ടി പുതുമന്ത് ഗ്ലെൻമോർഗനിലെ വിജികുട്ടന്റെ കറവയുള്ള എരുമയെയാണ് ഇവർ തൊഴുത്തിൽനിന്ന് കൊണ്ടുപോയി സമീപത്തെ കുറ്റിക്കാട്ടിൽവെച്ച് അറുത്ത് മാംസമാക്കി വിറ്റത്. മാർച്ച് അഞ്ചിനാണ് സംഭവം. ക്ഷീരകർഷകൻ വിജികുട്ടൻ പൈക്കാറ പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഗൂഡല്ലൂർ ഡിവൈ.എസ്.പി വസന്തകുമാറിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാർ ഹരിഹരൻ, എസ്.ഐ ഇബ്രാഹിം ഉൾപ്പെടെയുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.