മാനന്തവാടി: വീടിന്റെ വാതിൽ പൂട്ടുപൊളിച്ച് മോഷണം. മാനന്തവാടി ശാന്തിനഗറിലാണ് അടച്ചിട്ട വീടിന്റെ വാതിൽ പൊളിച്ചു മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ച 60,000 രൂപ, ഒരു പവന്‍ സ്വര്‍ണ്ണം, ഒരു ഗ്രാം സ്വര്‍ണ്ണ നാണയം, ലാപ് ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്, മറ്റ് ചില രേഖകള്‍ മുതലായവ കവര്‍ന്നു.
ശാന്തിനഗര്‍ ഇല്ലത്ത് ഗംഗാധരന്റെ വീട്ടിലാണ് മോഷണം. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. ഉച്ചവരെ വീട്ടിലുണ്ടായിരുന്ന വീട്ടുകാര്‍ പുറത്ത് പോയ തക്കം നോക്കിയാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ കവര്‍ച്ച നടത്തി പോകുകയും ചെയ്തു.വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പൂട്ട് പൊളിച്ചതും, വാരിവലിച്ചിട്ട തുണിത്തരങ്ങളും കണ്ടപ്പോഴാണ് കവര്‍ച്ച നടന്ന സംഭവം വീട്ടുകാരറിയുന്നത്.പരാതിയെ തുടര്‍ന്ന് കേസെടുത്ത മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി.