കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് മറുപടി; ഗർഭസ്ഥശിശു മരിച്ചു; ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

0
506

തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. കുഞ്ഞിന് അനക്കമില്ലെന്ന് ഡോക്ടറെ അറിയിച്ചപ്പോള്‍ ഉറങ്ങുന്നത് ആകും എന്ന് പറഞ്ഞ് തിരിച്ചയച്ചതായി കുടുംബം ആരോപിച്ചു. തുടര്‍ന്ന് നടത്തിയ സ്‌കാനിംഗില്‍ കുഞ്ഞ് മരിച്ചതായി കണ്ടെത്തി. വിഷയത്തില്‍ ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കുമെന്ന് ഭര്‍ത്താവ് ലിബു  പറഞ്ഞു.

 

എട്ടുമാസം ഗര്‍ഭിണിയായ കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുഞ്ഞിന് അനക്കമില്ലാത്തതെ വന്നതോടെയാണ് വ്യാഴാഴ്ച അര്‍ധരാത്രി തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഡ്യൂട്ടി ഡോക്ടര്‍ പരിശോധന പോലുമില്ലാതെ മടക്കി അയക്കുകയാണ് ചെയ്തതെന്ന് പവിത്രയുടെ ഭര്‍ത്താവ് ലിബു പറഞ്ഞു.

 

പിറ്റേദിവസം പുറത്ത് നടത്തിയ സ്‌കാനിംഗില്‍ കുഞ്ഞ് മരിച്ചതായി കണ്ടെത്തി. ഉടന്‍ തൈക്കാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി എസ്.എ.ടിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു. എസ് എ ടി യില്‍ എത്തിച്ച് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. തൈക്കാട് ആശുപത്രിയിലെ ഡോക്ടര്‍ കൃത്യമായി പരിശോധിച്ചിരുന്നുവെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നുവെന്ന് ലിബു പറഞ്ഞു.

 

ആശുപത്രിക്കെതിരെ പൊലീസിലും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കും. അതേസമയം ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല. കുഞ്ഞിന്റെ മരണകാരണമറിയാന്‍ പത്തോളജിക്കല്‍ ഓട്ടോപ്‌സി നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here