ഓടുന്ന ബസ്സിനു മുൻപിൽ ഓട്ടോറിക്ഷയിൽ ഇരുന്ന് വടിവാൾ വീശി കാണിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. വലിയപറമ്പ് സ്വദേശി ഷംസുദ്ദീൻ ആണ് പിടിയിലായത്. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോയ സ്വകാര്യ ബസിനു മുൻപിലായിരുന്നു ഓട്ടോ ഡ്രൈവറുടെ പരാക്രമം.
സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ് മുഴക്കിയതോടെയാണ് വടിവാൾ ഉയർത്തിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊണ്ടോട്ടി കോട്ടപ്പുറത്ത് വെച്ചായിരുന്നു ഷംസുദ്ദീൻ ഓട്ടോറിക്ഷയിലിരുന്ന് പുറത്തേക്ക് വടിവാൾ ഉയർത്തി കാണിച്ചത്. പിന്നിൽ വന്ന ബസിന് സൈഡ് കൊടുക്കാതെയായിരുന്നു ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. തുടർന്ന് ബസിൻ്റെ ഹോൺ മുഴക്കിയപ്പോഴാണ് ഡ്രൈവറെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയത്.