കുമളിയിൽ നാലര വയസ്സുകാരൻ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതികൾ കുറ്റക്കാർ. ഷെഫീക്കിന്റെ പിതാവ് ഉപ്പുതറ ചപ്പാത്ത്‌കര ഷെരീഫ്, ഭാര്യ അനീഷ എന്നിവരാണു കേസിലെ പ്രതികൾ. ഷെരീഫിന്റെ രണ്ടാം ഭാര്യ അനീഷ ഷെഫീക്കിനെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം നടന്ന് 11 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
പ്രതികൾക്കെതിരെ കൊലപാതക ശ്രമം, മരണഭയം ഉളവാക്കുന്ന രീതിയിൽ മുറിവേൽപ്പിക്കൽ, കുട്ടികൾക്കെതിരെയുള്ള അതിക്രമം എന്നിങ്ങനെ പത്തു വർഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2013 ജൂലൈ 15നായിരുന്നു സംഭവം. ഷെരീഫിന്റെ ആദ്യ ഭാര്യയിലെ കുട്ടിയാണ് ഷെഫീക്ക്.
2013 ജൂലൈ 15ന് ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ചേർന്നു തലയ്‌ക്കു മാരകമായി മുറിവേൽപ്പിച്ചു. ശരീരത്തിന്റെ പല ഭാഗങ്ങളും പൊള്ളിച്ചു. കുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടി. തുടർന്ന് ഷെഫീക്കിനെ ആശുപത്രിയിലാക്കി. കുട്ടിക്കു വീണു പരുക്കേറ്റെന്നാണു മാതാപിതാക്കൾ പ്രചാരണം നടത്തിയത്. രണ്ടുപേരെയും പിറ്റേ ദിവസം കുമളി പൊലീസ് അറസ്‌റ്റ് ചെയ്‌തു. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ ഷെഫീക്കിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. തലച്ചോറിനേറ്റ ക്ഷതം മൂലം കുഞ്ഞിന്റെ സംസാരശേഷി പൂർണമായും ഇല്ലാതായി. സംസ്‌ഥാന സർക്കാരും സന്നദ്ധ സംഘടനകളും നാട്ടുകാരും സഹായ ധനമെത്തിച്ചതോടെ ഷെഫീഖിന് വെല്ലൂരിൽ തുടർ ചികിത്സയ്‌ക്കു കളമൊരുങ്ങി. ഒരു വർഷത്തെ ചികിത്സയ്‌ക്കു ശേഷമാണ് നേരിയ തോതിൽ സംസാരിക്കാൻ തുടങ്ങിയത്.