തളിപ്പറമ്പ് ∙ കണ്ണൂർ വളക്കൈയിൽ ഒരു വിദ്യാർഥിനി മരിച്ച സ്കൂൾ ബസ് അപകടത്തിനു കാരണം വാഹനത്തിനു നിയന്ത്രണം നഷ്ടമായതെന്നു സൂചന. കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ് മറിഞ്ഞത്. സ്കൂൾ വിട്ട് കുട്ടികളുമായി വരികയായിരുന്നു ബസ്. കിരാത്ത് എന്ന സ്ഥലത്ത് കുട്ടികളെ ഇറക്കിയശേഷം വളക്കൈയിലേക്ക് പോകവേ വളക്കൈ പാലത്തിനടുത്തുള്ള ഇറക്കത്തിലായിരുന്നു അപകടം. ഇറക്കത്തിൽവച്ച് ബസ് നിയന്ത്രണംവിട്ട് സമീപത്തെ മതിലിൽ ഇടിച്ചശേഷം തളിപ്പറമ്പ്–ഇരിട്ടി സംസ്ഥാനപാതയിലേക്ക് മറിയുകയായിരുന്നു. ഒന്നിലധികം തവണ ബസ് മലക്കംമറിഞ്ഞു.
വളവും ചെറിയ ഇറക്കവുള്ള റോഡിൽ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ റോഡിന്റെ നിർമാണം അശാസ്ത്രീയമായാണെന്നും അപകടങ്ങളുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ബസിന്റെ മുൻസീറ്റിലിരുന്നയാളാണ് മരിച്ച അഞ്ചാംക്ലാസുകാരി നേദ്യ. ബസ് നിയന്ത്രണംവിട്ട സമയം പുറത്തേക്ക് തെറിച്ചുവീണ നേദ്യയുടെ ശരീരത്തിലേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാർ ചേർന്ന് ബസ് പൊക്കി നേദ്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 18 വിദ്യാർഥികളും ഡ്രൈവറും ആയയുമാണ് ബസിലുണ്ടായിരുന്നത്.