മേപ്പാടി നെടുമ്പാലയിൽ വേലിയിൽ കുടുങ്ങിയ പുലിയെ മയക്കു വെടിവെച്ചു വലയിലാക്കി. മയങ്ങിയ പുലിയെ കൂട്ടിലേക്ക് മാറ്റി.
മയക്കു വെടിയേറ്റ പുലി മയങ്ങിക്കിടക്കുകയാണ്. എഴുന്നേറ്റാൽ പ്രശ്‌നമുണ്ടാകാത്ത രീതിയിൽ പുലിയെ വലയിൽ ചുറ്റിയിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ . പുലിയുടെ കാലിനേറ്റ പരിക്ക് വിലയിരുത്തിയായിരിക്കും കാട്ടിലേക്ക് തുറന്നുവിടുക. പുലിയുടെ വയറിന് പരിക്കുണ്ട്. ആരോഗ്യസ്ഥിതിയും മോശമാണ്. പരിക്കേറ്റ പുലിക്ക് പ്രാഥമിക ശുശ്രൂഷ നൽകി. വൈത്തിരിയിൽ കൊണ്ടുപോയി കൂടുതൽ ചികിത്സ നൽകുമെന്ന് ഡി.എഫ്.ഒ അറിയിച്ചു.
നെടുമ്പാല മൂന്നാംനമ്പർ എസ്റ്റേറ്റിലാണ് പുലി കുടുങ്ങിയത്. വേലിയിൽ കുടുങ്ങി പരിക്കേറ്റ നിലയിലാണ് പുലിയെ കണ്ടെത്തിയത്. പല തവണ എസ്റ്റേറ്റിനോട് ചേർന്ന ജനവാസമേഖലയിൽ പുലിയുടെ സാന്നിധ്യം കണ്ടിരുന്നു. തുടർന്ന് വലിയ ആശങ്കയിലായിരുന്നു ജനങ്ങൾ.
രാവിലെ ഒമ്പതുമണിയോടെയാണ് കമ്പിവേലിയിൽ കൈകാലുകൾ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തിയത്. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ മയക്കുവെടി വെക്കുകയായിരുന്നു. മയക്കം വിടുന്നതിന് മുമ്പ് പുലിയെ സുരക്ഷിതമായി കൂട്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്.