വാട്‌സാപ്പിലൂടെ മൊഴിചൊല്ലൽ: യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്

0
178

കാഞ്ഞങ്ങാട് ∙ വാട്‌സാപ് ശബ്ദസന്ദേശത്തിലൂടെ മൊഴിചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്. കല്ലൂരാവിയിലെ സി.എച്ച്.നുസൈബ (21) ആണു ഭർത്താവായ കാസർകോട് നെല്ലിക്കട്ട സ്വദേശിക്കെതിരെ പരാതി നൽകിയത്. മുത്തലാഖ് നിരോധന നിയമം, (മുസ്‌ലിം സ്ത്രീ വിവാഹസംരക്ഷണം-2019) പ്രാബല്യത്തിൽ വന്ന ശേഷം പൊലീസിന് ലഭിക്കുന്ന ജില്ലയിലെ ആദ്യ പരാതിയാണിത്. സ്ത്രീധന പീഡന നിരോധന നിയമപ്രകാരം ഭർതൃമാതാവ്, ഭർതൃസഹോദരി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

 

വിദേശത്തുള്ള ഭർത്താവ് തന്നെ മൂന്നുതവണ തലാഖ് ചൊല്ലിയെന്നു പറഞ്ഞ് കഴിഞ്ഞ മാസം 21ന് തന്റെ പിതാവിന്റെ ഫോണിൽ ശബ്ദസന്ദേശം അയക്കുകയായിരുന്നുവെന്നാണു പരാതി. 2022 ഓഗസ്റ്റ് എട്ടിനാണ് ഇവരുടെ വിവാഹം നടന്നത്. തുടർന്നു കാഞ്ഞങ്ങാട് നഗരസഭയിൽ മുസ്‌ലിം മതാചാരപ്രകാരം വിവാഹം റജിസ്റ്റർ ചെയ്തു.

 

വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം സ്ത്രീധനം പോരെന്നു പറഞ്ഞ് ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിക്കുകയായിരുന്നുവെന്നും വിവാഹസമയത്ത് അണിഞ്ഞിരുന്ന 20 പവൻ ആഭരണങ്ങൾ ഭർത്താവ് വിറ്റുവെന്നും പരാതിയിൽ പറയുന്നു. വിവാഹനിശ്ചയ സമയത്ത് 50 പവൻ ആവശ്യപ്പെട്ടിരുന്നുവെന്നും ബാക്കി സ്വർണം നൽകണമെന്നാവശ്യപ്പെട്ടാണ് നിരന്തര പീഡനമെന്നും പരാതിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here