ചോദ്യപേപ്പർ ചോർത്തിയ സംഭവം; പ്യൂണിനെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

0
304

ക്രിസ്തുമസ് ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്യൂൺ അബ്ദു നാസറിനെ സസ്‌പെൻഡ് ചെയ്‌ത്‌ സ്കൂൾ അധികൃതർ. മലപ്പുറം മേൽമുറി മഅദിൻ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് ഇയാളെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണം ഇതിനായി എല്ലാ പിന്തുണയും നൽകുമെന്ന് സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി.

 

പനങ്ങാങ്ങര സ്വദേശി അബ്ദുൽ നാസർ ആണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. ചോദ്യപേപ്പറുകൾ ഫോട്ടോയെടുത്ത് എം എസ് സൊല്യൂഷൻസിന് അയച്ചു നൽകുകയായിരുന്നു. നേരത്തെ ഇതേ സ്കൂളിൽ ഹെഡ്മാസ്റ്റർ ആയിരുന്ന എം എസ് സൊല്യൂഷൻസിലെ അധ്യാപകൻ ഫഹദ് മുഖാന്തരമാണ് ചോദ്യപേപ്പറുകൾ ചോർത്തിയിരുന്നത്. പ്രതിയുടെ മൊബൈൽ ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

 

 

പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വൺ പരീക്ഷയുടെ കണക്ക് എന്നീ ചോദ്യപേപ്പറുകൾ ആണ് ചോർത്തിയത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ചോർത്തിയിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടില്ല. വിഷയത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും സ്കൂൾ അധികൃതർ പരീക്ഷ പേപ്പർ സൂക്ഷിക്കണമായിരുന്നുവെന്നും ക്രൈം ബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻകുട്ടി പറഞ്ഞു.

 

കേസിൽ എം എസ് സൊല്യൂഷൻസിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവർ അറസ്റ്റിലായിരുന്നു. മുഖ്യപ്രതിയായ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.കേസിലെ നാലാം പ്രതിയാണ് അറസ്റ്റിലായ അബ്ദുൽ നാസർ.

LEAVE A REPLY

Please enter your comment!
Please enter your name here