തിരുവനന്തപുരം∙ വയനാട് പുനരധിവാസത്തിന് അനുവദിച്ച വായ്പ വിനിയോഗിക്കുന്നതിനുള്ള കാലാവധി നീട്ടുന്നതു സംബന്ധിച്ച് ഹൈക്കോടതി ഇടപെടല്‍ കൂടി ഉണ്ടായതോടെ പ്രതീക്ഷയില്‍ സര്‍ക്കാര്‍. 16 പദ്ധതികള്‍ക്കായി അനുവദിച്ച 529.50 കോടി രൂപയുടെ കാപെക്‌സ് വായ്പ മാര്‍ച്ച് 31നകം ഉപയോഗിക്കണമെന്ന ഉപാധിയാണ് കേന്ദ്രം വച്ചിരിക്കുന്നത്. എന്നാല്‍ ഈ കാലാവധി 2026 ഫെബ്രുവരി 11 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കേരളം കത്തു നല്‍കി. ഇതു സംബന്ധിച്ച് ഇതുവരെ മറുപടിയൊന്നും കേന്ദ്രത്തിൽനിന്ന് ലഭിച്ചിട്ടില്ല. കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും വഴിയാണ് പുനരധിവാസ പദ്ധതി നടപ്പാക്കുന്നതെന്നും മാര്‍ച്ച് 31നുള്ളില്‍ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കുക എന്നത് അസംഭവ്യമാണെന്നും സംസ്ഥാന ധനവകുപ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. കഴിഞ്ഞ മാസം 20 നാണ് ധനവകുപ്പ് അഡീ. ചിഫ് സെക്രട്ടറി കേന്ദ്ര ധനമന്ത്രാലയം അഡീഷനല്‍ സെക്രട്ടറിക്കു കത്തു നല്‍കിയത്. വായ്പാ വിനിയോഗ കാലാവധി 2026 ഫെബ്രുവരി 11 വരെ നീട്ടണമെന്നാണ് കത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറെ സമയമെടുക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.വയനാട് പുനരധിവാസത്തിനു പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വര്‍ഷത്തേക്കു നല്‍കുന്ന വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണം അനുവദിച്ചത്.