ബെംഗളൂരു ∙ കർണാടകയിൽ 27 വയസ്സുള്ള ഇസ്രയേലി ടൂറിസ്റ്റിനെയും 29 വയസ്സുള്ള ഹോംസ്റ്റേ ഉടമയെയും മൂന്നു പുരുഷന്മാർ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കൊപ്പലിലെ ഒരു കനാലിനടുത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പുരുഷന്മാരെ കനാലിലേക്ക് തള്ളിയിട്ട ശേഷം പ്രതികൾ സ്ത്രീകളെ ലക്ഷ്യം വയ്ക്കുകയായിരുന്നു. പ്രതികളിലൊരാളായ ഡാനിയേൽ യുഎസ് സ്വദേശിയാണ്. മറ്റ് രണ്ടു പേർ മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
വ്യാഴാഴ്ച രാത്രി വൈകി അത്താഴം കഴിച്ച ശേഷം താനും നാല് അതിഥികളും തുംഗഭദ്രയിലെ കനാൽ തീരത്ത് ആകാശ നിരീക്ഷണത്തിനായി പോയതായിരുന്നുവെന്ന് 29 വയസ്സുള്ള ഹോംസ്റ്റേ ഉടമ പരാതിയിൽ പറയുന്നു. മൂന്ന് പ്രതികളും ബൈക്കിലെത്തി ആദ്യം പെട്രോൾ എവിടെ കിട്ടുമെന്ന് ചോദിച്ചു. തുടർന്ന് ഇസ്രയേലി സ്ത്രീയിൽനിന്ന് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചത് തർക്കത്തിലേക്ക് നയിച്ചു. പിന്നാലെ പ്രതികൾ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. കുറ്റകൃത്യത്തിനു ശേഷം ഇവർ ബൈക്കിൽ രക്ഷപ്പെട്ടു.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, മോഷണം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.