കൽപ്പറ്റ ടൗൺ ഭാഗങ്ങളിൽ യുവാക്കൾ എൻഡിഎംഎ വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം കൽപ്പറ്റ പഴയ ബസ്സ്റ്റാൻ്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയിഡിൽ 6.25 ഗ്രാം എം ഡി എം എയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. കൽപ്പറ്റ പുത്തൂർവയൽ സ്വദേശി ആഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ് (24) , മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാൽ സ്വദേശി പുത്തൂക്കണ്ടി വീട്ടിൽ മുഹമ്മദ് അസനുൽ ഷാദുലി ( 23) , കണിയാമ്പറ്റ സ്വദേശി ചോലക്കൽ വീട്ടിൽ അബ്ദുൽ മുഹമ്മദ് ആഷിഖ് ( 22 ) എന്നിവരെയാണ് പിടികൂടിയത്.
പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി.എ ഉമ്മർ , പ്രിവൻ്റീവ് ഓഫീസർ കെ എം ലത്തീഫ് , സിവിൽ എക്സൈസ് ഓഫീസർമാരായ പി.സി സജിത്ത് , കെ. കെ വിഷ്ണു , വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ വി സൂര്യ എന്നിവർ പങ്കെടുത്തു.
സോബിൻ കുര്യാക്കോസ്, മുഹമ്മദ് അസനുൽ ഷാദുലി എന്നിവർ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് മുൻപും സമാന കേസിൽ പിടിയിലായിട്ടുണ്ട്. ഈ കേസിൻ്റെ വിചാരണ നടപടികൾ കോടതിയിൽ പുരോഗമിച്ചു വരികയാണ്. ലഹരി വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നു. എംഡി എം എ 0.5 ഗ്രാം പോലും കൈവശം വെക്കുന്നത് 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. പ്രതികളെ കൽപ്പറ്റ JFCM കോടതി മുമ്പാകെ ഹാജരാക്കും.