കുഞ്ഞുങ്ങളുടെ ജനനം എപ്പോഴും ആഹ്ളാദകരവും സ്പെഷ്യലുമാണ്. ഇതിൽ തന്നെ ലോകത്തിന്റെ പല കോണുകളിൽ നടന്ന കൗതുകകരമായ ചില ജനനങ്ങളുടെ കഥകൾ നമ്മളെ വിസ്മയിപ്പിക്കാറുമുണ്ട്. അതിൽ തന്നെ വൈദ്യശാസ്ത്ര ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന ഒരു ജനനകഥയാണ് ഇപ്പോൾ ബ്രിട്ടണിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടണിൽ ഒരു സ്ത്രീ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകാനെടുത്ത സമയമാണ് ഏവരിലും കൗതുകമുണർത്തുന്നത്. ഒരു കുട്ടിയെ പ്രസവിച്ച ശേഷം അടുത്ത കുട്ടിയെ പ്രസവിക്കുന്നതിനായെടുത്തത് 22 ദിവസങ്ങളുടെ ഇടവേളയാണ്.
കെയ്ലെഗ് ഡോയ്ലേ എന്ന യുവതിയാണ് 22 ദിവസങ്ങളുടെ ഇടവേളയിൽ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ദൗർഭാഗ്യവശാൽ യുവതിയുടെ ആദ്യത്തെ കുഞ്ഞ് ജനിച്ചയുടൻ തന്നെ മരണമടഞ്ഞു. രണ്ടാമത്തെ കുഞ്ഞിനും ഇതേ അവസ്ഥ തന്നെയായിരിക്കുമെന്നും അതിനും തയാറായിരിക്കണമെന്നും ഡോക്ടർമാർ കെയ്ലെഗിനോട് പറഞ്ഞിരുന്നു. എന്നാൽ സ്വാഭാവിക പ്രസവം ആദ്യത്തെ ജനനത്തോടെ തന്നെ പൊടുന്നനെ അവസാനിക്കുകയാണ് ചെയ്തത്.
അൽപ സമയം കാത്തിരുന്ന ശേഷം ഡോക്ടർമാർ യുവതിയോട് വീട്ടിലേക്ക് മടങ്ങിപ്പോയി വിശ്രമിക്കാൻ ആവശ്യപ്പെട്ടു. കൃത്യം 22 ദിവസങ്ങൾക്ക് ശേഷമാണ് യുവതിയ്ക്ക് വീണ്ടും പ്രസവ വേദന അനുഭവപ്പെട്ടത്. രണ്ടാമത്തെ കുഞ്ഞിന്റേയും മരണമാണ് യുവതി പ്രതീക്ഷിച്ചതെങ്കിലും എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുഞ്ഞ് ആസ്ട്രോ ആരോഗ്യവാനായാണ് പുറത്തുവന്നത്. അവിശ്വസനീയമായ കാര്യങ്ങൾക്കാണ് ഒരു മാസക്കാലം താൻ സാക്ഷ്യം വഹിച്ചതെന്ന് കെയ്ലെഗ് ഡോയ്ലേ വിദേശമാധ്യമമായ ദി മെട്രോയോട് പറഞ്ഞു.