മേപ്പാടി: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പിടികൂടിയ പ്രതികളിൽ ഒരാളിൽ നിന്നും ദേഹപരിശോധനക്കിടെ വില്പനക്കായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നായ എം.ഡി. എം.എ പിടിച്ചെടുത്തു. മലപ്പുറം, തിരൂർ, പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ് റാഷിദ്(29)ന്റെ പക്കൽ നിന്നാണ് 19.79 ഗ്രാം എം.ഡി.എം.എ മേപ്പാടി പോലീസ് കണ്ടെടുത്തത്.
കാറിലെത്തിയ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളിലൊരാളാണ് റാഷിദ്. 2024 മെയ് ഏഴിന് രാത്രിയോടെ യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയായ റാഷിദുമായി മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് മേപ്പാടിയിൽ നിന്നും മുട്ടിൽ ഭാഗത്തേക്ക് പോകുംവഴി ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി നടത്തിയ ദേഹപരിശോധനക്കിടെയാണ് ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെടുത്തത്. എസ്.ഐ എം പി ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി ബിഗേഷ്, എ. എസ് പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസറായ ബാലു നായർ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.