മാനന്തവാടി: ദിവസങ്ങളായി ചിറക്കരയിലും സമീപ പ്രദേശങ്ങളിലും ഭീതി വിതച്ച കടുവക്കായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പശുക്കിടാവിനെ അക്രമിച്ച് കൊന്ന സ്ഥലത്ത് നിന്നും അമ്പത് മീറ്റര്‍ മാറിയാണ് ഇന്നലെ കൂട് സ്ഥാപിച്ചത്. കടുവ പിടിച്ച പശുക്കിടാവിന്റെ ജഡമാണ് ഇരയായ് കൂട്ടില്‍ വെച്ചിട്ടുള്ളത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ പ്രദേശങ്ങളില്‍ കടുവാ ശല്യം രൂക്ഷമായിരുന്നു.രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ചിറക്കര അത്തിക്കാപറമ്പില്‍ എ പി അബ്ദുറഹ്‌മാന്റെ എട്ടു മാസം പ്രായമുള്ള പശുകിടാവിനെ കടുവ അക്രമിച്ച് കൊന്നിരുന്നു.തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ച ക്യാമറകള്‍ പരിശോധിച്ചതില്‍ ഏകദേശം പത്ത് വയസ്സ് പ്രായമുള്ള കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വനംവകുപ്പ് ആര്‍ആര്‍ടി സംഘവും, വനം വകുപ്പ് ജീവനക്കാരും കടുവക്കായി തിരച്ചില്‍ നടത്തുകയും ഇന്നലെ വൈകീട്ടോടെ കൂട് സ്ഥാപിക്കുകയുമായിരുന്നു