സിദ്ധി ജില്ലയിലെ ഏഴ് ദളിത് പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ മധ്യപ്രദേശ് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ആപ്പ് ഉപയോഗിച്ച് സ്ത്രീശബ്ദമാക്കിയ ശേഷം പ്രൊഫസറെന്ന് നടിച്ച് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന കേസിലാണ് അന്വേഷണം. 30 കാരനായ മുഖ്യപ്രതി ബ്രജേഷ് പ്രജാപതി അടക്കം മൂന്ന് പേർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
ബ്രജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേർ ഇയാൾക്ക് ആദ്യത്തെ അതിജീവിതയുടെ ഫോൺ നമ്പർ നൽകിയെന്ന് പൊലീസിന് വ്യക്തമായി. പ്രതി ആപ്പ് സ്റ്റോറിൽ നിന്ന് ശബ്ദം മാറ്റി സംസാരിക്കാനാവുന്ന ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്ത ശേഷം വനിതാ പ്രൊഫസറെന്ന വ്യാജേനയാണ് അതിജീവിതയെ ബന്ധപ്പെട്ടത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ദളിത് പെൺകുട്ടികളെയാണ് ഇയാൾ ബന്ധപ്പെട്ടതെന്ന് സിദ്ധി എസ്‌പി രവീന്ദ്ര വർമ്മ പറയുന്നു.
നാല് സ്ത്രീകളാണ് ഇതുവരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പിടിയിലായ പ്രതി ചോദ്യം ചെയ്യലിൽ മറ്റ് മൂന്ന് പേരെ കൂടി പീഡിപ്പിച്ചതായി സമ്മതിച്ചു. ഇവരിൽ രണ്ട് പേർ സഹോദരങ്ങളും അതിലൊരാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുമാണ്. ഇവരെ കാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കൂടെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൂലിത്തൊഴിലാളിയായ പ്രതി യൂട്യൂബിൽ നിന്നാണ് ആപ്പ് ഉപയോഗിക്കാൻ പഠിച്ചത്. രാഹുൽ പ്രജാപതി, സന്ദീപ് പ്രജാപതി എന്നീ രണ്ട് സുഹൃത്തുക്കളിൽ നിന്ന് ആദ്യത്തെ സ്ത്രീയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച പ്രതി, സ്ത്രീയെ വാഗ്ദാനം നൽകി പ്രേരിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി. സ്ത്രീശബ്ദമായതിനാൽ അപായം മനസിലാക്കാൻ അതിജീവിതക്ക് സാധിച്ചില്ല. പറഞ്ഞ സ്ഥലത്ത് വന്നാൽ തൻ്റെ മകൻ സ്കോളർഷിപ്പ് നൽകുമെന്നായിരുന്നു വാഗ്ദാനം. വനമേഖലയിൽ ഒറ്റപ്പെട്ട് കിടക്കുന്ന കുടിലിലേക്ക് വിളിപ്പിച്ച് ഇവിടെ വച്ചാണ് പ്രതി കൃത്യം നടത്തിയത്. ഈ സ്ഥലം പ്രതിയുടെ കുടുംബത്തിൻ്റെ ഉടമസ്ഥതയിൽ ഉള്ളതുമാണ്.
പിന്നീട് അതിജീവിതയുടെ ഫോൺ തട്ടിയെടുത്ത പ്രതി പുറത്തുപറഞ്ഞാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു. ശേഷം ഈ ഫോണിൽ കണ്ട ഓരോ നമ്പറിലേക്കും വിളിച്ച് സമാനമായ വാഗ്ദാനം നടത്തി ഇതേ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 10 മുതൽ 20 പേരെ വരെ ഇത്തരത്തിൽ ഒരോ ദിവസവും ഇയാൾ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ഇവർക്കെല്ലാം കോളേജിൽ പോകുന്നില്ലെങ്കിൽ പഠിക്കാനുള്ള സ്കോളർഷിപ്പ് നൽകാമെന്നായിരുന്നു വാഗ്ദാനം.
സംഭവം ജനുവരി മുതൽ നടന്നുവരുന്നതാണെന്നും എന്നാൽ രണ്ട് അതിജീവിതകൾ പരാതിയുമായി വന്നതോടെയാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്നും പൊലീസ് പറയുന്നു. ഇതിനെല്ലാം പുറമെ സംശയം തോന്നിയ ഒരു യുവതി പ്രതിയുടെ പിടിയിൽ നിന്ന് പീഡിപ്പിക്കപ്പെടാതെ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ അതിജീവിതയും പൊലീസിനെ പിന്നാലെ സമീപിച്ചിരുന്നു. ഇവർ നാല് പേരുമാണ് പൊലീസിന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ നിർണായക വിവരങ്ങൾ കൈമാറിയത്.