അനിയനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയ കേസ്; അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

0
387

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. അഫാൻ്റെ അനിയനെയും പെൺ സുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിതാവിൻ്റെ സഹോദരനെയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് വെഞ്ഞാറമൂട് സിഐ അനൂപ് പറഞ്ഞു.

 

അതേ സമയം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു എന്ന് റിപ്പോർട്ട്. തട്ടത്തുമലയില്‍ താമസിക്കുന്ന, അഫാന്റെ ഉമ്മയുടെ ബന്ധുക്കളായ രണ്ട് പേരെയാണ് കൊലപ്പെടുത്താന്‍ ആലോചിച്ചിരുന്നത്. പണം പലിശക്ക് നല്‍കിയിട്ട് ഇവര്‍ ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് അഫാന്‍ മൊഴി നല്‍കി. അഞ്ച് ലക്ഷം രൂപ നല്‍കിയിട്ട് 10 ലക്ഷത്തോളം രൂപ ഇവര്‍ തിരികെ വാങ്ങി. പിന്നെയും നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. ഇതാണ് അവരെ കൊലപ്പെടുത്താന്‍ ആലോചിച്ചതിന്റെ കാരണമെന്നും അഫാന്‍ മൊഴി നല്‍കി. ആശുപത്രിയില്‍ അഫാനെ സന്ദര്‍ശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

മുത്തശ്ശി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്‌സാന്‍, മാതാവ് ഷെമീന എന്നിവരെ കൊലപ്പെടുത്തിയതിന് ശേഷം തട്ടത്തുമലയിലെത്തി മറ്റ് രണ്ട് പേരെക്കൂടി വകവരുത്താനാണ് അഫാന്‍ കരുതിയിരുന്നത്. എന്നാല്‍ അനുജനെ കൊലപ്പെടുത്തിയതോടെ മനോവീര്യം ചോര്‍ന്ന് തളര്‍ന്നുപോയെന്നും അതോടെ രണ്ടുപേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അഫാന്‍ പറഞ്ഞു.

 

ഫെബ്രുവരി 24-ാം തീയതിയാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾ നടന്നത്. ഫെബ്രുവരി 24 ന് രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷാൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശിയുടെ വീട്ടിലേക്ക് പോയി. അഫാൻ നേരത്തെ മുത്തശിയുടെ സ്വർണ മോതിരം പണയം വെച്ചിരുന്നു. കൂടുതൽ സ്വർണം പണയം വെയ്ക്കാൻ നൽകാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന.

 

കൊലപാതകത്തിന് ശേഷം മുത്തശിയുടെ മാല കവർന്ന് വെഞ്ഞാറമൂട്ടിൽ പണയം വച്ചു. ഈ സമയം ചുള്ളാളത്തെ പിതാവിന്റെ സഹോദരൻ, അഫാനെ ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് അവിടെ എത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊല്ലുന്നത്. ഇവരും സാമ്പത്തികമായി അഫാനെ സഹായിച്ചിരുന്നില്ല. ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് തിരിക്കുന്ന സമയത്ത് പെൺസുഹൃത്ത് ഫർസാനയോട് വീട്ടിൽ വന്ന് തന്റെ മുറിയിൽ ഇരിക്കാൻ അറിയിച്ചിരുന്നു. പിന്നാലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയാണ് അഫാൻ പെൺസുഹൃത്തിനെ കൊലപ്പെടുത്തുന്നത്.

 

സഹോദരൻ സ്കൂളിൽ നിന്ന് വരും വരെ അഫാൻ കാത്തുനിന്നു. അതിന് ശേഷം സഹോദരനെ മന്തി വാങ്ങാൻ വിടുന്നു. ഇതിന് ശേഷമാണ് സഹോദരനെ കൊലപ്പെടുത്തുന്നത്. മന്തിയും ചിതറിയ 500 രൂപ നോട്ടുകളും അഫാൻ്റെ വീട്ടിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സിറ്റൗട്ടിൽ വസ്ത്രങ്ങളും ചിതറി കിടപ്പുണ്ട്. കൊലപാതക ശേഷം കുളിച്ചുവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. പിന്നാലെ എലിവിഷം കഴിച്ചതിന് ശേഷമാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം വെളിപ്പെടുത്തുന്നത്.

 

വെഞ്ഞാറമൂടിൽ അ‍ഞ്ച് പേരെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്നാണ് റിപ്പോർട്ട്. ഇരുപതിലധികം തവണയാണ് പ്രതി തൻ്റെ കുടുംബാംഗങ്ങളേയും കാമുകിയേയും ചുറ്റിക കൊണ്ട് അടിച്ചത്. ബന്ധുവായ ലത്തീഫിന്റെ തലയിൽ 27 തവണയാണ് പ്രതി അഫാൻ ചുറ്റികകൊണ്ട് അടിച്ചതെന്നാണ് റിപ്പോർട്ട്. ലത്തീഫിന്റെ ഭാര്യ ഷാഹിദയുടെ തലയിൽ 24 തവണയാണ് പ്രതി അടിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. 13കാരനായ അനുജൻ അഫ്സാന്റെ തലയിൽ 22 തവണ ചുറ്റിക കൊണ്ട് അടിച്ചതായാണ് റിപ്പോർട്ട്. തലക്ക് അടിച്ചതിന് പുറമേ സൽമ ബീവിയുടെയും ഫർസാനയുടെയും നെഞ്ചത്ത് ചുറ്റികകൊണ്ട് അടിച്ചിട്ടുണ്ട്. തലയ്ക്കേറ്റ അടിയാണ് എല്ലാവരുടേയും മരണത്തിന് കാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അ‍ഞ്ചുപേരുടേയും തലയോട്ടി തകർന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെയും അനുജന്റെയും തലയില്‍ പലതവണ അടിച്ചു. പെണ്‍കുട്ടിയെയും അനുജനെയും നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here