മലപ്പുറം ∙ കോഡൂരിൽ സ്വകാര്യബസ് ജീവനക്കാരൻ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. മർദനമേറ്റ അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. ആശുപത്രിയിലെത്തി ഓട്ടോയിൽ നിന്നിറങ്ങുമ്പോഴാണ് കുഴഞ്ഞുവീണത് എന്നാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
തിരൂര്‍– മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ കണ്ടക്ടറാണ് മര്‍ദിച്ചത്. ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോയിൽ ആളുകളെ കയറ്റിയതിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബസ് കുറുകെയിട്ട് ഓട്ടോയിൽനിന്ന് അബ്ദുൽ ലത്തീഫിനെ പിടിച്ചിറക്കിയാണ് മർദിച്ചത്. ബസ്സിനുള്ളിൽ നിറയെ ആളുകളുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇന്നലെ താനൂരിൽ ഭാര്യയെ ഓട്ടോറിക്ഷയിൽ കയറ്റിയ ഡ്രൈവർക്കും മർദനമേറ്റിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണം പതിവെന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്.