ലക്നൗ ∙ ഉത്തർപ്രദേശിലെ സീതാപൂരിൽ അഞ്ച് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം നാലു കഷണങ്ങളാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. അഞ്ചുവയസ്സുകാരിയായ താനിയെ ആണ് പിതാവ് മോഹിത്ത് കൊലപ്പെടുത്തിയത്. തർക്കത്തിലായിരുന്ന അയൽക്കാരുടെ വീട്ടിൽ പോയതിനെ തുടർന്നാണ് ഇയാൾ മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി 25നാണ് കുട്ടിയെ വീടിനടുത്ത്നിന്നു കാണാതായതായി വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കണ്ടെത്താൻ നാലു ടീമുകളായി തിരിഞ്ഞായിരുന്നു പൊലീസ് അന്വേഷണം. തിരച്ചിലിൽ താനിയുടെ ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തി. അടുത്ത ദിവസം, മറ്റു ഭാഗങ്ങൾ കണ്ടെത്തി. ഇതോടെ കുട്ടി കൊലപ്പെടുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ കുട്ടിയുടെ പിതാവ് മോഹിത്ത് അപ്രത്യക്ഷനായി. ഫോൺ ഭാര്യയുടെ കയ്യിൽ ഏൽപ്പിച്ചായിരുന്നു മോഹിത്ത് മുങ്ങിയത്.
തിരച്ചിലിനൊടുവിൽ പൊലീസ് മോഹിത്തിനെ പിടികൂടി. മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം നാലു കഷണങ്ങളാക്കി മറവുചെയ്തെന്നു ചോദ്യം ചെയ്യലിൽ മോഹിത്ത് സമ്മതിച്ചു. തർക്കമുള്ള അയൽക്കാരുടെ വീട്ടിൽ പോയതിനെ തുടർന്നാണ് മകളെ കൊലപ്പെടുത്തിയതെന്നും മോഹിത്ത് പറഞ്ഞു. തന്റെ കുടുംബവും അയൽവാസിയായ രാമുവിന്റെ കുടുംബവും വളരെ അടുപ്പത്തിലായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ്, രണ്ടു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. രാമുവിന്റെ വീട്ടിലേക്കു പോകരുതെന്നു മകളോട് പലതവണ മോഹിത് പറഞ്ഞിരുന്നു. എന്നാൽ അഞ്ചു വയസ്സുകാരി രാമുവിന്റെ വീട്ടിൽ കളിക്കാനായി പോകുന്നതു തുടർന്നു. ഇതാണ് പിതാവിനെ പ്രകോപിപ്പിച്ചത്.
താനി മരണപ്പെട്ട ദിവസം രാമുവിന്റെ വീട്ടിൽനിന്നു മകൾ വരുന്നത് മോഹിത് കണ്ടിരുന്നു. പ്രകോപിതനായ മോഹിത് കുട്ടിയെ ബൈക്കിൽ ഇരുത്തി, ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി, വസ്ത്രങ്ങൾ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷമാണു മൃതദേഹം നാലു കഷണളാക്കി കടുക് വയലിൽ മോഹിത്ത് ഉപേക്ഷിച്ചത്.