കോഴിക്കോട്: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഭർത്താവ് ഓടി രക്ഷപ്പെട്ടു. കോഴിക്കോട് മുക്കം നഗരസഭയിലെ മുത്തേരി അങ്ങാടിയിലെ അനുഗ്രഹ ഹോട്ടലിൽ വെച്ചാണ് ഹോട്ടൽ നടത്തിപ്പുകാരനായ മുസ്തഫ ഭാര്യ ജമീലയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വെട്ടേറ്റ ജമീലക്ക് മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്. ജമീലയെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് 5.45 ഓടുകൂടിയാണ് മുക്കം മുത്തേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ചത്. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ സ്വദേശി പൈറ്റൂചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ മുസ്തഫ നടത്തുന്ന മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വെച്ച് വെട്ടി പരിക്കേൽപ്പിച്ചത്. അക്രമത്തിന് കാരണം കുടുംബം വഴക്കാണെന്നാണ് പ്രാഥമിക നിഗമനം. ജമീലയെ വെട്ടിപ്പരിക്കൽപ്പിച്ച മുസ്തഫ കടയിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു. മുസ്തഫയെ ഇതുവരെ പൊലീസിന് പിടികൂടാൻ ആയിട്ടില്ല. മുത്തേരിയിലെ ഹോട്ടലിൽ ജമീലയുടെ രക്തം തളം കെട്ടിക്കിടക്കുന്ന നിലയിലാണ് ഉള്ളത് വെട്ടിയ കത്തിയും ഹോട്ടലിലെ തറയിലുണ്ട് . മുസ്തഫക്ക് വേണ്ടിയുള്ള തിരച്ചിൽ മുക്കം പൊലീസ് ആരംഭിച്ചിട്ടുണ്ട്.