അര ലക്ഷം രൂപ കൈക്കൂലി വാങ്ങി:എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

0
661

കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ എംഡിഎംഎയും, കഞ്ചാവുമായി വന്ന യുവാക്കളെ അര ലക്ഷം രൂപ കൈക്കൂലി വാങ്ങി പ്രതികളെയും വാഹനവും വിട്ടയച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി എച്ച് ഷഫീക്, പ്രിവന്റീവ് ഓഫിസര്‍മാരായ പി കെ പ്രഭാകരന്‍, ടി ബി അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം കെ ബാലകൃഷ്ണന്‍, കെ കെ സുധീഷ് എന്നിവരെയാണ് എക്സൈസ് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എക്‌സൈസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. ഇതില്‍ പ്രിവന്റീവ് ഓഫീസര്‍ പി കെ പ്രഭാകരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ കെ കെ സുധീഷ് എന്നിവര്‍ മുമ്പ് മറ്റൊരു കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് നിലവില്‍ സസ്പെന്‍ഷനില്‍ തുടരുകയാണ്. 2022 മാര്‍ച്ച് 21 നാണ് കേസിനാസ്പദമായ സംഭവം.

 

മൈസൂരില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കോഴിക്കോട് സ്വദേശികളായ യുവാക്കളെ മുത്തങ്ങ ചെക്ക്‌പൊസ്റ്റിലെ വാഹന പരിശോധനക്കിടെ എംഡിഎംഎയും എംഡിഎംഎ വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവുമായി പിടികൂടുകയും, ഇവരില്‍ നിന്ന് 50000 രൂപയോളം കൈക്കൂലി വാങ്ങി കേസ് എടുക്കാതെ വിട്ടയച്ചു എന്നതായിരുന്നു പരാതി. കാറിലുണ്ടായിരുന്ന ഫാസിര്‍ എന്നയാള്‍ മറ്റൊരു കേസില്‍ പെട്ട് ജയിലില്‍ കഴിയവെ സഹ തടവുകാരനോട് നടത്തിയ വെളിപ്പെടുത്തലിലാണ് കൈക്കൂലി വിവരം പുറത്തറിയുന്നത്. മയക്കുമരുന്ന് പിടിച്ച ഉദ്യോഗസ്ഥര്‍ ഒരു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ 50000 രൂപ നല്‍കി ഒത്ത് തീര്‍പ്പാക്കുകയായിരുന്നു. തുടര്‍ന്ന് പിന്‍സീറ്റിലുണ്ടായിരുന്ന സഹയാത്രികന്റെ കൈവശത്ത് നിന്നും 30 ഗ്രാം കഞ്ചാവ് മാത്രം പിടിച്ചെടുത്തതായി കാണിച്ച് അയ്യാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. ഇയ്യാള്‍ ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറുകയായിരുന്നെന്നും കൃത്രിമ മൊഴിയായി രേഖപ്പെടുത്തിയാണ് കൈക്കൂലികാരായ ഉദ്യോഗസ്ഥര്‍ പ്രതികളെ വിട്ടയച്ചത്.

എക്‌സൈസ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. ഗൂഗിള്‍ പേ ഇടപാട് വഴിയാണ് പണം കൈമാറിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

 

ഇതിനാല്‍ ഗുരുതരമായ അധികാര ദുര്‍വിനിയോഗവും, അഴിമതിയും, അച്ചടക്ക ലംഘനവും, കൃത്യവിലോപവും ഉദ്യോഗസ്ഥര്‍ നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സസ്‌പെന്റ് ചെയ്തതെന്ന് ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here