പന്നിപ്പടക്കം കടിച്ച് വായ തകര്‍ന്നു, ഒന്നും കഴിക്കാനാവാതെ ആനയ്ക്ക് ദാരുണാന്ത്യം

0
458

കോയമ്പത്തൂര്‍: ഭക്ഷണം കഴിക്കാനാവാതെ പിടിയാന പട്ടിണി കിടന്ന് ചരിഞ്ഞു. നിരോധിത നാടന്‍ സ്ഫോടകവസ്തു കടിച്ച് ആനയുടെ വായയില്‍ ആഴത്തില്‍ മുറിവുണ്ടായി. ഇതോടെ ഭക്ഷണം കഴിക്കാനാവാതെയാണ് ആനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.

 

കോയമ്പത്തൂർ ഫോറസ്റ്റ് റേഞ്ചിലെ തടഗം നോർത്തിലാണ് ആനയെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് ഫീല്‍ഡ് സ്റ്റാഫ് വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഫോറസ്റ്റ് കൺസർവേറ്റർ എസ് രാമസുബ്രഹ്മണ്യൻ, ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ എ സുകുമാർ, കോയമ്പത്തൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ അരുൺകുമാർ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.

 

സ്ഫോടകവസ്തു കടിച്ചതിനെ തുടര്‍ന്ന് ആനയുടെ വായിൽ മുറിവേറ്റിട്ടുണ്ടെന്ന് വെറ്ററിനറി ഓഫീസർ പരിശോധനയ്ക്ക് ശേഷം പറഞ്ഞു. വായിലെ മുറിവിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി ആന ഭക്ഷണം കഴിക്കാതെ അവശ നിലയിലായിരുന്നു. ആൻറിബയോട്ടിക്കും ഗ്ലൂക്കോസും നൽകി ആനയുടെ ജീവന്‍ നിലനിര്‍ത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. പക്ഷെ ഇന്നലെ ഉച്ചയോടെ ആന ചരിഞ്ഞു. ആറ് വയസ്സുള്ള പിടിയാനയ്ക്ക് ആണ് ദാരുണാന്ത്യം സംഭവിച്ചത്.

 

കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ കര്‍ഷകര്‍ അവിട്ടുകൈ എന്ന സ്ഫോടകവസ്തു ഉപയോഗിക്കാറുണ്ട്. ഇത് പഴങ്ങളിലോ പച്ചക്കറികളിലോ ഒളിപ്പിക്കുകയാണ് പതിവ്. സ്ഫോടവസ്തുവിന്‍റെ സാന്നിധ്യം അറിയാതെ അതു കഴിക്കുന്ന മൃഗങ്ങള്‍ക്ക് മുറിവേല്‍ക്കുകയോ ചാവുകയോ ചെയ്യും. അബദ്ധത്തില്‍ പന്നിപ്പടക്കം കടിച്ചാവാം ആനയ്ക്ക് പരിക്കേറ്റതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

 

അടുത്തിടെയാണ് ആന കേരളത്തിൽ നിന്ന് തമിഴ്‌നാട് വനമേഖലയിലേക്ക് കടന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എവിടെ വച്ചാണ് ആന സ്ഫോടകവസ്തു കടിച്ചതെന്ന അന്വേഷണത്തിലാണ് വനംവകുപ്പ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here